പന്തിരിക്കരയിൽ പോലീസ് റെയ്ഡിൽ ആയുധശേഖരം പിടികൂടി

പേരാമ്പ്ര: പന്തിരിക്കരയിലെ വിവിധ ഇടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ പത്ത് വടിവാളുകൾ, മൂന്ന് സ്റ്റീൽ ദണ്ഡുകൾ, മൂന്ന് ചുറ്റികകൾ എന്നീ ആയുധശേഖരം പിടികൂടി.

ഇവ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് ജി.എൽ.പി. സ്‌കൂളിന് പിൻഭാഗത്തെ ഇടവഴിയിലെ കുറ്റിക്കാടുകൾക്കുള്ളിലായാണ് ആയുധങ്ങൾ സൂക്ഷിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മേഖലയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടയിലാണ് ആയുധം കണ്ടെടുത്തത്.

പെരുവണ്ണാമൂഴി എസ്.ഐമാരായ കെ.കെ. രാജേഷ് കുമാർ, കെ. അബ്ദുള്ള, എസ്.സി.പി.ഒ. സുധീർബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, മനോജ് കുമാർ എന്നിവർ നേതൃത്വംനൽകി.

സംഭവത്തിൽ ആയുധനിയമ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഐഎം പ്രവർത്തകനും ചങ്ങരോത്ത് പഞ്ചായത്തംഗവുമായ കെ.പി. ജയേഷിന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു.