ഗ്രാസിം ഫാക്ടറി ക്വാർട്ടേഴ്സ്; കോഴിക്കോട്ടെ അധോലോകം

മാവൂർ: കച്ചേരിക്കുന്നിലെ ഗ്രാസിം ക്വാർട്ടേഴ്സുകൾ കള്ളൻമാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാവുന്നു.

അടച്ചുപൂട്ടിയ ഗ്രാസിം ഫാക്ടറിയുടെ ക്വാർട്ടേഴ്സുകളാണ് ഇവരുടെ താവളം. കച്ചേരിക്കുന്നിൽ ഒരു മാസത്തിനിടെ നടന്നത് ആറ് മോഷണ ശ്രമങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയും മോഷണ ശ്രമമുണ്ടായി.

കച്ചേരിപറമ്പിൽ സതീഷിന്റെ വീടിന്റെ അടുക്കളഭാഗത്തെ പൂട്ട് തകർത്ത് അകത്തു കടക്കാനുള്ള ശ്രമം സമീപ വീട്ടുകാർ കണ്ടതോടെ കള്ളൻ ഗ്രാസിം ക്വാർട്ടേഴ്സുകൾക്കുള്ളിലേക്ക് ഓടിക്കയറി.

മാവൂർ പാറമ്മലിൽ ഗ്രാസിം ഫാക്ടറിയിലെ ജീവനക്കാരും കുടുംബങ്ങളും താമസിച്ചിരുന്ന ഇരുനൂറിലേറെ ക്വാർട്ടേഴ്സുകളാണ് കാടുകയറി ഇപ്പോൾ നശിക്കുന്നത്.

രാപകൽ ഭേദമന്യേ ഇവിടെ മദ്യ–ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും നടക്കുന്നതായി സമീപവാസികൾ പറയുന്നു.

വീടുകളിൽ കയറി ശുചിമുറികളിലെയും പരിസരങ്ങളിലെയും പൈപ്പുകൾ അടിച്ചു തകർക്കുക, ബൾബുകളും ജനൽച്ചില്ലും തകർക്കുക, വസ്ത്രങ്ങളും മറ്റു സാധനങ്ങളും നശിപ്പിക്കുക തുടങ്ങിയവയാണ് ഇവിടെ തമ്പടിച്ച സാമൂഹിക വിരുദ്ധരുടെ നേരം പോക്കുകളിൽ ചിലത്.

കഴി​ഞ്ഞ മാസം രണ്ടിന് പാലിയിൽ ഷാജഹാന്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി. നാട്ടുകാരും പോലീസും എത്തിയതോടെ മോഷ്ടാക്കൾ ഓടിക്കയറിയതും ഗ്രാസിം ക്വാർട്ടേഴ്സുകളിലേക്ക്. മോഷ്ടാക്കളെ പിന്തുടർന്ന പോലീസിന് നേരെ കല്ലേറുമുണ്ടായി.

ഒരു സിവിൽ പോലീസ് ഓഫിസർക്ക് പരുക്കേൽക്കുകയും ചെയ്തു. ക്വാർട്ടേഴ്സിലേക്ക് ആരെങ്കിലും കടന്നാൽ എളുപ്പം കണ്ടെത്താനാവില്ല. അഞ്ചു ഇടങ്ങളിൽ മോഷണം ശ്രമം നടന്നിട്ടും പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല.

ഈ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ഇതാണ് ഇത്തരക്കാർക്ക് സഹായം. ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നാട്ടുകാർ രാത്രി കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസവും മോഷണ ശ്രമം നടന്നത്.പ്രദേശത്ത് പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നും കേടായ തെരുവു വിളക്കുകൾ മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്നും കച്ചേരി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പി.ടി.സി.മുഹമ്മദലി, സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി എം.രാഘവൻ, പി.ടി.മുഹമ്മദ് ഹാജി, കെ.പി.വിനോദ്കുമാർ, കെ.കൃഷ്ണൻ, കെ.പി.സാഹിർ എന്നിവർ പ്രസംഗിച്ചു.