കല്ലാച്ചിയിൽ മൂന്ന് വീടുകളിൽ മോഷണ ശ്രമം; മൊബൈൽ ഫോൺ കവർന്നു

നാദാപുരം: കല്ലാച്ചി ഭാഗങ്ങളിൽ മോഷണം പതിവാകുന്നു. പയന്തോങ്ങിലെ മൂന്ന് വീടുകളിൽ കവർച്ചാ ശ്രമമുണ്ടായി.

ഇതിൽ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയി. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പയന്തോങ്ങിലെ പുത്തൻപുരയിൽ നൂറുദ്ദീനിന്റെ വീട്ടിൽ മോഷണ ശ്രമം നടന്നത‌്.

ഇരുനില വീടിന്റ മുകൾനിലയിലെ രണ്ട് വാതിലുകൾ തകർത്ത് മോഷ്ടാക്കൾ വീടിനകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഫോണിലൂടെ അയൽക്കാരെ വിവരമറിയിച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

വാതിലുകൾക്ക് പിറകിലെ ഇരുമ്പ് പട്ട തകർക്കാൻ കഴിയാതെ പോയതിനാലാണ് മോഷ്ടാക്കൾക്ക് വീടിന് അകത്ത് കയറാൻ പറ്റാതെ വന്നത്.വീടിന്റെ താഴത്തെ നിലയിലെ ജനൽ പാളികളും മോഷ്ടാക്കൾ തകർത്തിരുന്നു.

സംഭവം നടക്കുമ്പോൾ നൂറുദ്ദീനിന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പിറകുവശത്ത് മുളം കമ്പിൽ കെട്ടിയ നിലയിൽ അരിവാളും കണ്ടെത്തിയിട്ടുണ്ട്.

പൂശാരി മുക്കിൽ വലിയ വീട്ടിൽ മൊയ്തുവിന്റെ വീട്ടിലെ ജനലിന്റെ അടുത്ത് വച്ച 14000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് മോഷണം പോയത‌്. ശബ്ദം കേട്ട വീട്ടുകാർ ബഹളംവെച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.

മോഷ്ടാക്കളുടെ രണ്ട് ജോഡി ചെരുപ്പും കുറ്റ്യാടിയിലെ തുണിക്കടയിലെ കവറും സമീപത്ത് നിന്ന‌് കണ്ടെത്തിയിട്ടുണ്ട്.

തൊട്ടടുത്ത മറ്റൊരു വീട്ടിലും കവർച്ചാ ശ്രമം ഉണ്ടായി. വിരലടയാള വിദഗ്ദർ വീട്ടിലെത്തി പരിശോധന നടത്തി വിരലടയാളങ്ങൾ ശേഖരിച്ചു.

വിരലടയാള വിദഗ്ദരായ കെ രഞ്ജിത്, എ കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിരലടയാളങ്ങൾ ശേഖരിച്ചത്. എസ്ഐ എൻ നിഖിലിന്റ നേതൃത്വത്തിൽ നാദാപുരം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.