പ്രളയ രക്ഷാപ്രവർത്തനത്തിന് കണക്ക് പറഞ്ഞ് കേന്ദ്രം; 102 കോടി രൂപയുടെ ബിൽ കേരളത്തിനയച്ചു

ന്യൂഡല്‍ഹി: മഹാ പ്രളയ സമയത്ത് കേരളത്തിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ ബില്‍ നല്‍കി.

102 കോടി രൂപയുടെ കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അയച്ചത്. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിനുള്ള കണക്കുകളടക്കമാണ് ബില്ലില്‍ പറയുന്നത്.

തിങ്കളാഴ്‌ച രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രേഖാമൂലം നല്‍കിയ മറുപടിയില്‍ 517 തവണ വിമാനം പറത്തിയെന്നും 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്‌തെന്നും 1350 ടണ്‍ സാധനസാമഗ്രികള്‍ കയറ്റിയെന്നും പറയുന്നു.

വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ 634 തവണ പറത്തി. 584പേരെ രക്ഷപ്പെടുത്തി. 247 ടണ്‍ സാധന സാമഗ്രികള്‍ ഹെലികോപ്ടറുകളില്‍ കയറ്റിയെന്നും വിശദമായ രേഖയില്‍ പറയുന്നു.

‘പ്രളയസമയത്ത് വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് 102.6 കോടി രൂപയുടെ ബില്ലുകള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്.

വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും വിട്ടുനല്‍കുന്നതിന് വേണ്ടി വരുന്ന ചെലവ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈടാക്കാറുണ്ടെ’ന്നും മന്ത്രി പറഞ്ഞു.

പ്രളയസമയത്തെ ചിലവ് സംബന്ധിച്ച വിശദമായ കണക്കുകള്‍ സേനയും നേവിയും തയാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.