കഞ്ചിക്കോട് പെയിന്‍റ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരിക്ക് ഗുരുതര പൊള്ളൽ

പാലക്കാട്: പെയിന്‍റ് നി‌ര്‍മ്മാണ ഫാക്ടറിയിൽ വൻ തീപ്പിടുത്തം. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ടര്‍പ്പന്‍ന്‍റൈന്‍ നിര്‍മ്മാണ കമ്പനിയായ ക്ലിയര്‍ ലാകിലാണ് തീപിടിത്തം ഉണ്ടായത്.

രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഉച്ചയോടെ അ​ഗ്നിബാധ നിയന്ത്രണ വിധേയമാക്കി.

അതെ സമയം തീപിടുത്തത്തിൽ കമ്പനിയിലെ ഒരു ജീവനക്കാരിക്ക് ഗുരു​തരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഫാക്ടറിയില്‍ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

അതെ സമയം ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് തീ പടരാന്‍ കാരണമായതെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു.

നാല്‍പ്പതിനായിരം ലിറ്റര്‍ ടര്‍പ്പന്‍റൈ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്നിബാധയുണ്ടായപ്പോള്‍ ടിന്നുകള്‍ പൊട്ടിത്തെറിച്ച്‌ നിലത്ത് പരന്നൊഴുകിയ ടര്‍പ്പന്‍റൈനിലേക്ക് തീ ആളിപ്പടര്‍ന്നതാണ് അഗ്നിബാധയുടെ തോത് വർധിക്കാൻ കാരണം.

തൃശ്ശൂര്‍ സ്വദേശി ലാസറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.