നരിക്കുനിയിൽ വർക്ക്‌ഷോപ്പിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ട്രാവലറും ബൈക്കുകളും കത്തിനശിച്ചു

നരിക്കുനി: പടനിലം റോഡിൽ ചന്ദ്രകല ടൂർസ് ആൻഡ്‌ ട്രാവൽസിന്റെ വർക്‌ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ട്രാവലർ വാൻ, രണ്ടു ബൈക്കുകൾ എന്നിവ പൂർണമായും കത്തിനശിച്ചു.

അതെ സമയം ആളപായമില്ല. അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ട്രാവലറിന്റെ പണി നിർത്തിവെച്ച് ജീവനക്കാരൻ പുറത്തുപോയപ്പോഴായിരുന്നു തീപ്പിടിത്തം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കോൺക്രീറ്റ് കെട്ടിത്തിൽനിന്നും കറുത്തപുക ഉയരുന്നതുകണ്ടാണ് ആളുകൾ ശ്രദ്ധിച്ചത്.

ബഹളത്തെ തുടർന്ന് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും തീ ആളിക്കത്താൻ തുടങ്ങിയതോടെ കെട്ടിത്തിന് സമീപത്തേക്ക് അടുക്കാനായില്ല.

തുടർന്ന് നരിക്കുനി അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി മുക്കാൽ മണിക്കൂർ ശ്രമിച്ചാണ് തീ അണച്ചത്.

കെട്ടിടത്തിന്റെ ചുമരിലും കോൺക്രീറ്റിലും പൊട്ടലുണ്ട്. എന്നാൽ തീപ്പിടിത്തത്തിനു കാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാജീവനക്കാർ പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസ്, ഫയർമാൻ എം.സി. മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കൊടുവള്ളി സി.ഐ. ചന്ദ്രമോഹനനും സ്ഥലത്തെത്തി.