കോഴിക്കോട് ബീച്ച‌് ആശുപത്രി നവീകരണം; അന്തിമ രൂപരേഖ ഒരു മാസത്തിനകം

കോഴിക്കോട‌്: ബീച്ച‌് ഗവൺമെന്റ് ജനറൽ ആശുപത്രി നവീകരണ മാസ‌്റ്റർ പ്ലാനിന്റെ അന്തിമ രൂപരേഖയായി.

പദ്ധതിയുടെ എസ‌്റ്റിമേറ്റ‌് തയ്യാറാക്കിയ ശേഷം ഒരു മാസത്തിനുള്ളിൽ അന്തിമ രൂപരേഖ സർക്കാരിന‌് സമർപ്പിക്കുമെന്ന‌് സൂപ്രണ്ട‌് ഡോ. ഉമ്മർ ഫാറൂഖ‌് പറഞ്ഞു. ഇൻഫ്രാസ‌്ട്രക‌്ചർ കേരള ലിമിറ്റഡ‌് (ഇൻകൽ) ആണ‌് മാസ‌്റ്റർ പ്ലാൻ തയ്യാറാക്കിയ‌ത‌്.

രണ്ട‌ുമാസം മുമ്പ‌് എ പ്രദീപ‌്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ മാസ‌്റ്റർ പ്ലാനിന്റെ കരട‌് അവലോകനം ചെയ‌്തിരുന്നു.

ഇതിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ‌് അന്തിമ പ്ലാൻ തയ്യാറാക്കിയത‌്. ഇൻകൽ പ്രതിനിധികൾ രൂപരേഖ ആശുപത്രി സൂപ്രണ്ട‌ിന‌് സമർപ്പിച്ചു.

ആറ‌ുനിലയിലുള്ള പുതിയ കെട്ടിടമാണ‌് വികസന പ്രവൃത്തിയിൽ ഏറ്റവും പ്രധാനം.ജീവനക്കാരുടെ ക്വാർട്ടേഴ‌്സ‌് പൊളിച്ചാണ‌് പുതിയ കെട്ടിടം നിർമിക്കുക.

ഇതിൽ അത്യാഹിത വിഭാഗം, ട്രോമ കെയർ, തിയേറ്റർ കോപ്ലക‌്സ‌്, സർജറി വാർഡുകൾ, ലാബ‌്, മോർച്ചറി തുടങ്ങിയവ ഉണ്ടാകും.

കൂടാതെ ആശുപത്രിയുടെ മുൻഭാഗത്ത‌് കാരുണ്യ ഫാർമസിക്കടുത്തായി ഡോക്ടർമാർക്കും ജീവനക്കാർക്കുമായി എട്ട‌് നിലയിൽ ഒരു റസിഡൻഷ്യൽ ബ്ലോക്ക‌് നിർമിക്കും. ആർഎംഒ ഓഫീസിനടുത്തായി വിശാലമായ കാന്റീൻ, കാരുണ്യ ഫാർമസി എന്നിവയും നിർമിക്കും.

നിലവിലെ ആശുപത്രി കെട്ടിടം നവീകരിച്ച‌് പൈതൃകമായി നിലനിർത്തും. എന്നാൽ ഇവിടെ ഒപി സൗകര്യങ്ങൾ വിപുലീകരിക്കും.

സ‌്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ ഈ കെട്ടിടത്തിൽ തന്നെ തുടരും. എൻഎച്ച‌്എം ബിൽഡിങ്ങിലെ ആദ്യ നില അഡ‌്മിനി‌സ‌്ട്രേറ്റ‌ീവ‌് ബ്ലോക്കാക്കും.

ഇതിന‌ുപുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഒ പി രജിസ‌്ട്രേഷൻ കൗണ്ടർ, ഫാർമസി എന്നിവ നവീകരിക്കും.

നവീകരണ പ്രവർത്തനങ്ങൾക്ക‌് കിഫ‌്ബി വഴി 164 കോടി അനുവദിച്ചിട്ടുണ്ട് എന്നാലും അന്തിമ പ്ലാൻ അനുസരിച്ച‌് എസ‌്റ്റിമേഷൻ തുകയിൽ മാറ്റങ്ങളുണ്ടാകും.