കുടുംബശ്രീ പുഷ‌്പ–ഭക്ഷ്യ മേളക്ക‌് കോഴിക്കോട്ട് തുടക്കമായി

കോഴിക്കോട‌്: നാവിൽ കൊതിയൂറും വിഭവങ്ങളും ഒപ്പം മനോഹര പുഷ‌്പങ്ങളുടെ ചെടികളും ഫലവൃക്ഷ തൈകളും വസ‌്ത്ര വൈവിധ്യങ്ങളുമായി കുടുംബശ്രീ പുഷ‌്പ– ഭക്ഷ്യമേളക്ക‌് തുടക്കമായി. ഡെപ്യൂട്ടി മേയർ മീര ദർശക‌് മേള ഉദ‌്ഘാടനം ചെയ‌്തു.

കുടുംബശ്രീയുടെ മഹിളാ മാളിന്റെ പ്രചാരണാർഥമാണ‌് മാളിനു സമീപത്തെ ഗ്രൗണ്ടിൽ മേള ആരംഭിച്ചത‌്. ഇരുപത് സ‌്റ്റാളുകളാണ‌് മേളയിലുള്ളത‌്.

വ്യത്യസ‌്തമായതും രുചിയൂറുന്നതുമായ കോഴിക്കോടൻ വിഭവങ്ങൾ, ന്യൂ ഫാസ‌്റ്റ‌് ഫുഡുകൾ എല്ലാം കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാണ‌്‌.

ഒപ്പം സാരി, ചുരിദാർ, ചവിട്ടികൾ, അച്ചാറുകൾ, ആഭരണങ്ങൾ, ചെടികൾ, വിത്തുകൾ തുടങ്ങിയ വൈവിധ്യങ്ങൾ മേളയുടെ മറ്റൊരു ആകർഷമാണ്.

കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴിന‌് ഗസൽ അരങ്ങേറും. അയൽക്കൂട്ടങ്ങളിലെ സ‌്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലും കുറവും ഉയരം, തടി എന്നിവയുള്ളവരുടെ മത്സരവും നടക്കും. വ്യാഴാഴ‌്ച മുതൽ പന്ത്രണ്ട് വരെയാണ‌് മത്സരം.

പതിനേഴിന് നടക്കുന്ന ഫൈനലിൽ ജേതാക്കൾക്ക‌് സ്വർണമെഡൽ നൽകും. കെ ബീന അധ്യക്ഷയായി. കെ വിജയ, റംസി ഇസ‌്മായിൽ എന്നിവർ സംസാരിച്ചു. പകൽ പതിനൊന്ന് മുതൽ രാത്രി പത്ത് വരെയാണ‌് മേള.