മാഹി കനാൽ റംഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമാണത്തിന് മുപ്പത് കോടിയുടെ ഭരണാനുമതിയായി

നാദാപുരം: മാഹി പുഴയിൽ നിന്ന് മാഹി കനാലിലേക്ക് ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിനായി റഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിക്കാൻ മുപ്പത് കോടി രൂപയുടെ ഭരണാനുമതിയായി.

എടച്ചേരി പഞ്ചായത്തിലെ കരിങ്ങാലി മുക്കിലാണ് നൂതന സംവിധാനത്തിലുള്ള റഗുലേറ്റർ കം ബ്രിഡ്‌ജ്‌ സ്ഥാപിക്കുന്നത്.

കനാലിലൂടെ ബോട്ടുകൾ കടന്നുപോകുമ്പോൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പാലം നിർമിക്കുന്നത്‌. എടച്ചേരി, ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്.

പതിനൊന്ന് മീറ്റർ വീതിയിലും അറുപത് മീറ്റർ നീളത്തിലും നിർമിക്കുന്ന പാലത്തിലൂടെ വാഹന ഗതാഗതവും അനുവദിക്കും.കനാലിൽ ഉപ്പുവെള്ളം കയറുന്നതും കൃഷി യോഗ്യമല്ലാതാവുന്നതും ഈ മേഖലയിലെ കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.