കോഴിക്കോട് പിന്നോട്ടെടുത്ത ബസിടിച്ച് കെഎസ്ആർടിസി സുരക്ഷാ ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത ബസിടിച്ചു സുരക്ഷാ ജീവനക്കാരൻ മരിച്ചു.

കെഎസ്ആർടിസി യിലെ സുരക്ഷാ ജീവനക്കാരനായ ബാലുശ്ശേരി കോട്ടയ്ക്കു സമീപം താമസിക്കുന്ന പുതിയേടത്ത് വീട്ടിൽ പ്രകാശനാണു (55) മരിച്ചത്. ഇന്നലെ രാത്രി 8.10നായിരുന്നു അപകടം.

സ്റ്റാൻഡിലെത്തിയ ലോ ഫ്ലോർ ബസ് ട്രാക്കിലേക്കു കയറ്റിയിടാൻ പിന്നിൽ നിന്നു നിർദേശം കൊടുക്കുമ്പോഴാണ് ബസിടിച്ചത്.

കട്ടപ്പന ഡിപ്പോയിലായിരുന്ന ഇദ്ദേഹം അടുത്തയിടെയാണു കോഴിക്കോട് ഡിപ്പോയിലേക്കു സ്ഥലം മാറിയെത്തിയത്. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷമാണ് ഇദ്ദേഹം കെഎസ്ആർടിസിയിൽ ജോലിയിൽ പ്രവേശിച്ചത്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ:അജിത. മക്കൾ:പ്രജിത്ത്, അഭിജിത്ത് (ഇരുവരും കരസേനയിൽ). മരുമകൾ: അഞ്ജു. സഹോദരങ്ങൾ: ചന്ദ്രൻ (വിമുക്തഭടൻ), രാധ, ശാന്ത.