കോഴിക്കോട്- മുക്കം പാതയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് രണ്ട് അധ്യാപകർ മരിച്ചു

മുക്കം: കോഴിക്കോട്- മുക്കം പാതയിൽ എൻ.ഐ.ടി.ക്കു സമീപം സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

സ്കൂട്ടർ യാത്രക്കാരായ മുക്കം ചേന്ദമംഗലൂർ മിനി പഞ്ചാബ് സ്വദേശി കെ.വി. ഇസ്മായിൽ (55), പേരാമ്പ്ര സ്വദേശി മുഹമ്മദ്‌ താജുദീൻ(30) എന്നിവരാണ് മരിച്ചത്.

ചേന്ദമംഗലൂർ കെ.സി. ഫൗണ്ടേഷനിലെ അധ്യാപകരാണ് ഇരുവരും. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

മുക്കത്തുനിന്ന് കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസ് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട്-മുക്കം റൂട്ടിലോടുന്ന സൗപർണിക ബസാണ് സ്കൂട്ടറിൽ ഇടിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെയും മുഹമ്മദ്‌ താജുദീനെയും ഉടനെ കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചേന്ദമംഗലൂർ കെ.സി. ഫൗണ്ടേഷനു കീഴിലുള്ള ഖുർ ആൻ കോളേജിലെ വൈസ് പ്രിൻസിപ്പലാണ് താജുദീൻ. പിതാവ്: പാറക്കുടുമ്പിൽ അബ്ദുൾ ഖാദർ. മാതാവ്: കുഞ്ഞാമി. ഭാര്യ: ഷഹനാസ്. മകൻ: ഹയാൻ സമാൻ. സഹോദരങ്ങൾ: അൽത്താഫ് ബിൻ അബ്ദുൾ ഖാദർ (വിദ്യാർഥി, ജാമിയ മില്ലിയ ഡൽഹി), സുമയ്യ, മുഹമ്മദ് ഇർഷാദ് (വിദ്യാർഥി, ജാമിയ അൽ ഇസ്‌ലാമിയ ശാന്തപുരം).

കെ.വി. അബ്ദുൽ ഖാദറാണ് ഇസ്മായിലിന്റെ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: സാജിദ. മക്കൾ: സാജിദ്, ഹാമിദ (സൗത്ത് കൊടിയത്തൂർ), ആബിദ് (ഇസ്‌ലാഹിയ കോളേജ്), ത്വാഇബ് ഇസ്മയിൽ (സഫ ആർട്സ് ആൻഡ് സയൻസ് കോളേജ്, വളാഞ്ചേരി), ആമിറ (ചേന്ദമംഗലൂർ എച്ച്.എസ്.എസ്.), റാകിഹ് (അൽ ഇസ്‌ലാഹിയ സ്കൂൾ ചേന്ദമംഗലൂർ), ഹാഫിള് (ഹെവൻസ് സ്കൂൾ ചേന്ദമംഗലൂർ). മരുമകൻ: ബാസിം.