കൂടത്തുംപാറയിൽ വീടിനു നേരെ സ്ഫോടകവസ്തു ആക്രമണം

ഇരിങ്ങല്ലൂര്‍: കൂടത്തുംപാറയില്‍ വീടിനു നേരെ ആക്രമണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഒളവണ്ണ പഞ്ചായത്തിലെ മരക്കാട്ട്മീത്തല്‍ രൂപേഷിന്റെ ഉമ്മറത്തെ താഴെ പടിയില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്.

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തീകെടുത്തുകയായിരുന്നു. അക്രമത്തിന് ഉപയോഗിച്ച കുപ്പികള്‍ ചിതറി കിടക്കുന്നുണ്ട്. സമീപമുള്ള ചെരുപ്പുകള്‍ കത്തിയമര്‍ന്നു. പെട്രോളിന്റെ ഗന്ധമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.

നല്ലളം എസ്‌ഐ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്ഥലം സന്ദര്‍ശിച്ചു.