കോളറ, മലമ്പനിപ്പേടിയില്‍ കോഴിക്കോട്

കോഴിക്കോട്: കേരളത്തില്‍ നിന്ന് തുരത്തിയ കോളറ ജില്ലയിലെ അഞ്ചുപേരിലാണ് സ്ഥിരീകരിച്ചത്. മലമ്പനി ബാധിച്ചവരും ഏറ്റവുംകൂടുതല്‍ ജില്ലയിലാണ്. 179 പേരിലാണ് മലമ്പനി കണ്ടെത്തിയത്. എലിപ്പനി പിടിപെട്ട 159 പേരില്‍ ഒരാള്‍ മരിച്ചു.
ജില്ലയില്‍ സ്ഥിരതാമസിക്കുന്ന 33 പേരില്‍ മലമ്പനി സ്ഥിരീകരിച്ചത് ഗുരുതര ആരോഗ്യ പ്രശ്നംഉയര്‍ത്തുന്നു. ഇതര്യ സംസ്ഥാനങ്ങളില്‍ താമസിച്ച് മടങ്ങിയെത്തിയ 50 മലയാളികളിലും 96 ഇതരസസംസ്ഥാന തൊഴിലാളികളിലും മലമ്പനി സ്ഥിരീകരിച്ചു. തീരദേശ മേഖലയിലാണ് അധികവും മലമ്പനി കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രേദശങ്ങളില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുവിന്റെ സാന്നിധ്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സ്ഥിരതാമസക്കാരില്‍ മലമ്പനി കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ കുഴപ്പത്തിലാക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളിലാണ് കോളറ സ്ഥിരീകരിച്ചത്. മാവൂരില്‍ മൂന്നും നഗരസഭിലെ മിഠായിത്തെരുവില്‍ രണ്ടും പേര്‍ക്കാണ് കോളറ കണ്ടെത്തിയത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയും താമസസ്ഥലം ശുചീകരിക്കുകയും ചെയ്തെങ്കിലും കോളറ പടരുമെന്ന ഭീതി ഒഴിവാക്കാനായിട്ടില്ല.