പ്രരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; സംഭവം മെയ്ദിനറാലിക്ക് ഒരു മണിക്കൂര്‍ മുമ്പ്

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സി.പി.ഐ.എം പ്രവര്‍ത്തര്‍ മോചിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്ത മരുതേരി സുധാകരനെയാണ് പേരാമ്പ്ര ബസ്സ്റ്റാന്റ് സമീപത്ത് വെച്ച് 15 ഓളം വരുന്ന സംഘം പൊലീസ് വാഹനം തടഞ്ഞ് ഇറക്കികൊണ്ട് പോയത്. എസ്.ഐ ഉള്‍പ്പടെയുള്ളവര്‍ വാഹനത്തിലുള്ളപ്പോഴാണ് ഇയാളെ വാഹനത്തില്‍ നിന്നും മോചിപ്പിച്ചത്. സംഭവത്തില്‍ കണ്ടാലറിയുന്ന 15 ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മെയ് ദിനറാലിക്ക് ഒരു മണിക്കൂര്‍ മുമ്പായിരുന്നു സംഭവം. പേരാമ്പ്രയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സി.പി.ഐ.എം ശിവജിസേന സംഘര്‍ഷത്തെതുടര്‍ന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

പേരാമ്പ്രയില്‍ രണ്ടാഴ്ച്ച മുമ്പ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമവും ബോംബേറുമുണ്ടായിരുന്നു. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി യു.സി ഹനീഫയുടെയും സിദ്ധാര്‍ത്ഥിന്റെയും വീടുകള്‍ക്ക് നേരെയായിരുന്നു ബോംബേറുണ്ടായത്. ഒരു ഹോട്ടലിനും നേരെയും ബോംബേറുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ ശിവജി സേനയെന്ന് ആരോപണമുണ്ടായിരുന്നു.

എന്നാല്‍ അക്രമത്തിനു പിന്നിലുള്ളവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുക്കാത്തത് പൊലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.