ശ്രദ്ധ നാടകരാവ് ശ്രദ്ധേമായി

കൊയിലാണ്ടി: അറുപത് പിന്നിട്ട നാടകകലാകാരന്മാര്‍ക്ക് സര്‍ഗ്ഗജാതകം ചാര്‍ത്തി, ശ്രദ്ധയുടെ നാടകരാവ് ശ്രേദ്ധേയമായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ത്തമാനകാല നാടകങ്ങളെ പരിചയപ്പെടുത്തുന്നതിന് നാല് നാടകങ്ങള്‍ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കൊയിലാണ്ടിയിലെ പി.സി.സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരങ്ങളെ അണിനിരത്തിയാണ് ശ്രദ്ധ സാമൂഹിക പാഠശാല നാടകരാവ് അരങ്ങേറിയത്.
സരസ ബാലുശ്ശേരി, പപ്പന്‍ മുണ്ടോത്ത്, സുധാകരന്‍ കന്നൂര്, അരങ്ങാടത്ത് വിജയന്‍, എം. നാരായണന്‍, അലി അരങ്ങാടത്ത്, ബാലന്‍ നെടുങ്ങാട്, രാഘവന്‍ പുറക്കാട്, പള്ളിക്കര കരുണാകരന്‍, പാലൂര്‍ കുഞ്ഞികൃഷ്ണന്‍, പൗര്‍ണമി ശങ്കര്‍, എന്‍.പി.ഭാസ്‌കരന്‍, സി.കെ.രാഘവന്‍, ഇ.പി.ബാലന്‍ മൂടാടി, മേപ്പയില്‍ ബാലകൃഷ്ണന്‍ എന്നിവരെയാണ് കൊയിലാണ്ടിയിലെ പൗരാവലിക്ക് വേണ്ടി ശ്രദ്ധ ആദരിച്ചത്. ചന്ദ്രശേഖരന്‍ തിക്കോടി, ജയറാം കന്നൂര് എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രദ്ധയുടെ തിയേറ്റര്‍ ഗ്രൂപ്പാണ് ആദരവിന് അര്‍ഹരായ കലാകാരന്മാരെ തിരഞ്ഞെടുത്തത്. പ്രശസ്ത സാഹിത്യകാരനും ശ്രദ്ധ ചെയര്‍മാനുമായ കല്പറ്റ നാരായണന്‍ സര്‍ഗ്ഗജാതകം സമ്മാനിച്ചു. എടവന ദിനേശന്‍ സ്വാഗതവും എന്‍.വി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രേമന്‍ പാമ്പിരികുന്ന് (തബല) ഡോ.അശ്വിന്‍ (കീബോര്‍ഡ്), നന്ദു (ഫ്‌ളൂട്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ ഫ്യൂഷന്‍ ശ്രദ്ധേയമായി. സംസ്ഥാന യുവജനോത്സവത്തിലെ മികച്ച നാടകങ്ങളായ പാലക്കാട്ട് കളിക്കൂട്ടം തിയേറ്റര്‍ ഗ്രൂപ്പിന്റെ മറഡോണ തിരുവങ്ങൂര്‍ കളര്‍ബോക്‌സ് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ എലിപെട്ടി കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഓട്ട തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന കേരളോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ മാഹി നാടക പുരയുടെ രാത്രിമഴയിലേക്ക് അവള്‍ എന്ന നാടകവും അരങ്ങേറി.