കേരളത്തിലിലെ പോലീസ് കഥകള്‍ക്കിടെ ഒരു ദുബൈ പോലീസ് കഥയായാലോ

• എന്‍.വി ബാലകൃഷ്ണന്‍

മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോലീസ് കഥകള്‍ക്കാണ് മാര്‍ക്കറ്റ്. അതിനിടയില്‍ ഒരു ദുബൈ പോലീസ് കഥയായാലോ.

ദുബൈയില്‍ മദ്യമൊക്കെ സുലഭമാണങ്കിലും ആരെങ്കിലും മദ്യപിച്ച് വണ്ടി മറിഞ്ഞ് വഴിയരികില്‍ കിടക്കുന്നതോ ബഹളം വെക്കുന്നതോ ഒന്നും പൊതുവായി കാണാനാവില്ല.മദ്യം വേണ്ടവര്‍ അംഗീകത വില്പന കേന്ദ്രത്തില്‍ നിന്നോ ക്‌ളബ്ബുകളില്‍ നിന്നോ വാങ്ങി ഉപയോഗിക്കുന്നു. അതവരുടെ ഒരു സ്വകാര്യ വിഷയമായി ഒതുങ്ങി നില്‍ക്കും.

മദ്യപിച്ചത് നാലാളറിയണം എന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണല്ലോ പൊതുവേ മലയാളികള്‍. അത്തരത്തിലൊരാള്‍ ദുബൈയിലെ ഒരു റെസ്റ്റോറന്റിനരികില്‍
ബഹളം വെക്കുന്നു.മലയാളത്തിലുള്ള ഒന്നാം തരം തെറികള്‍ വായുവില്‍ പറത്തി വിടുന്നുണ്ട്.ചെടിച്ചട്ടികളൊക്കെ എടുത്ത് നിരത്തിലിട്ട് ഉടക്കുന്നു. ചിലരൊക്കെ ചുറ്റും കൂടി കാഴ്ച കാണുന്നതല്ലാതെ ഇടപെടലുകളൊന്നുമില്ല. സൈറണ്‍ മുഴക്കി രണ്ട് പോലീസ് വാഹനങ്ങള്‍ ഒരുമിച്ച് വന്നു നിന്നു.
ചാടിയിറങ്ങി ഇയാളെ തെറി വിളിക്കുന്നതും ചവിട്ടിക്കൂട്ടി എടുത്ത് പോലീസ് വാഹനത്തിലേക്ക് വലിച്ചെറിയുന്നതും വാഹനം ഇരമ്പലോടെ സ്റ്റേഷനിലേക്ക് തിരിച്ചു പോകുന്നതും സൗജന്യമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ പോലെ കണ്ടാസ്വദിക്കാന്‍, ഞങ്ങള്‍ റെഡിയായി നിന്നു. നിരാശയായിരുന്നു ഫലം.

രംഗ നിരീക്ഷണം നടത്തിയ ശേഷം പോലീസുകാര്‍ സാവധാനം ഇറങ്ങി വന്നു. ബഹളം വെക്കുന്നയാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അയാളുടച്ചിട്ട ചട്ടികളൊക്കെ റോഡില്‍ നിന്ന് മാറ്റി. അലങ്കോലമാക്കിയിട്ടതൊക്കെ കഴിവതും വെടിപ്പാക്കി യഥാസ്ഥാനങ്ങളില്‍ വെച്ചു. ഇത്രയുമായപ്പോേഴേക്കും ബഹളം വെച്ചയാള്‍ ഒന്നു തണുത്തിരുന്നു. ഒരു പോലീസുദ്ധ്യോഗസ്ഥന്‍ സമാധാനപരമായി അയാളെ സമീപിച്ചു. അയാളോട് ബഹുമാനത്തോടെ ‘അസലാമു അലൈക്കും’ എന്ന് അഭിവാദ്യം ചെയ്തു.അയാള്‍ പോലീസുകാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതല്ലാതെ പ്രതികരിച്ചില്ല. വീണ്ടും ഒരിക്കല്‍ കൂടി പോലീസുകാരന്‍ അഭിവാദ്യം ചെയ്തതോടെ അയാള്‍ ‘വ അലൈക്കും അസ്സലാം
‘ എന്ന് പ്രത്യഭിവാദ്യം ചെയ്തു.അപ്പോഴേക്കും ഇയാള്‍ ചൂടിറങ്ങിയ ഒരവസ്ഥയിലായിരുന്നു. മെല്ലെ അയാളുടെ തോളില്‍ കയ്യിട്ട് സൗഹൃദത്തില്‍ പോലീസ് വാഹനത്തിനടുത്തേക്ക് കൊണ്ടുപോയി ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലേക്ക് കയറ്റി ഇരുത്തി.
ഇതിനിടയില്‍ മറ്റൊരു പോലീസുദ്ധ്യോഗസ്ഥന്‍ അയാളെ കസ്റ്റഡിയിലെടുത്തതായി കാണിക്കുന്ന റിപ്പോര്‍ട്ട് അവിടെ ഉണ്ടായിരുന്ന ഒരാളെ ഏല്പിച്ചു. എന്തിന് കസ്റ്റഡിയിലെടുത്തെന്നും ആരൊക്കെയാണ് ദ്യോഗസ്ഥരെന്നും കൊണ്ടു പോകുന്ന സ്‌റേറഷന്റെ പേരും വിലാസവും ഫോണ്‍ നമ്പറുകളും വാഹനത്തിന്റെ വിവരങ്ങളും പരാതിയുണ്ടങ്കില്‍ നല്‍കേണ്ട മേലുദ്ധ്യോഗസ്ഥരുടെ വിവരങ്ങളുമൊക്കെ അതില്‍ രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് അവിടെ കൂടിയിരുന്നവരുടെ ഔപചാരിക സമ്മതത്തോടെ അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ അരികില്‍ ഇയാളെ കൊണ്ടു പോകുകയും ഇയാള്‍ സാധാരണ അവസ്ഥയിലായി എന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യുമത്രേ. പിന്നീട് ഇയാളുണ്ടാക്കിയ നഷ്ടം, നടത്തിയ നിയമ ലംഘനങ്ങള്‍ എന്നിവ കണക്കാക്കി കനത്ത ഒരു പിഴ ഒടുക്കിയാല്‍ വിട്ടയക്കും. ഇല്ലങ്കില്‍ കോടതിക്ക് വിടും.

ഇത്രയൊക്കെ ആയപ്പോള്‍, നമ്മുടെ പോലീസ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പെരുമാറും എന്നാണ് ഞാന്‍ ഓര്‍ത്തത്. രണ്ട് തെറി പറഞ്ഞ് അയാളെ ചവിട്ടിക്കൂട്ടി വണ്ടിയിലേക്ക് വലിച്ചെറിഞ്ഞില്ലങ്കില്‍ നമ്മുടെ പോലീസ് എന്തൊരു കഞ്ഞിപ്പോലീസ് എന്നല്ലേ നാം പൊതുവായി ചിന്തിക്കുക. സ്‌റേറഷനില്‍ വരുന്നവരോട് നമസ്‌കാരം പറയുക, ഇരിക്കാന്‍ ഒരു കസേര നല്‍കുക, മാന്യമായ ഭാഷയില്‍ സംസാരിക്കുക, ഇതൊക്കെ ചെയ്താല്‍ നമ്മുടെ പോലീസിന് വീര്യം പോര എന്നല്ലേ നാം കരുതുന്നത്.

ഇന്ത്യയിലൊഴികെ മിക്കവാറും രാജ്യങ്ങളില്‍ എത്ര കൊടും കുറ്റവാളിയായാലും അയാള്‍ക്ക് ഒരു ഗുഡ് മോണിംഗ് പറഞ്ഞ്, അഭിവാദ്യം ചെയ്തു കൊണ്ടല്ലാതെ പോലീസുകാര്‍ സംഭാഷണം ആരംഭിക്കുകയില്ല. നാം പോലീസുകാരെ പൊതുവായി സാര്‍ എന്നാണ് വിളിക്കക.പക്ഷേ ലോകത്തെല്ലായിടത്തും പോലീസ് ജനങ്ങളെ സംബോധന ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സര്‍ എന്ന് വിളിച്ചിരിക്കും. മൂന്നാം മുറയിലൂടെ അല്ലാതെ ഒരു കുറ്റവും തെളിയിക്കാന്‍ കഴിയില്ല എന്ന് കരുതുന്നവരാണ് ഐ.പി.എസ് കഴിഞ്ഞു വരുന്ന നമ്മുടെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും.അവര്‍ തങ്ങള്‍ക്ക് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥരോടും പോലീസുകാരോടും എത്ര നികൃഷ്ടമായിട്ടാണ് പെരുമാറുന്നത് എന്ന് ഇപ്പോള്‍ ആരേയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലല്ലോ. വീട്ടുജോലികള്‍ ചെയ്യിക്കുക, കുട്ടികളെ കുളിപ്പിക്കുക തടങ്ങി എന്തൊക്കെയാണ് സാധാരണ പോലീസുകാരെ കൊണ്ട് ചെയ്യിക്കുന്നത്? പോരാത്തതിന് മകളുടെ മൊബൈല്‍ കൊണ്ടുള്ള മര്‍ദനവും.

ദുബൈ, ജനാധിപത്യം പോലും വികസിച്ച ഒരു രാജ്യമല്ല. രാജാവാണ് ഇപ്പോഴും ഭരണാധികാരി. എന്നിട്ടും യൂറോപ്യന്‍ ആധുനികതയുടെ ആചാരമര്യാദകള്‍, ആധുനിക പൗരബോധം ഒക്കെ അവിടെ നമ്മേക്കാള്‍ എത്രയോ വികസിച്ചിരിക്കുന്നു. പോലീസും ഉദ്യോഗസ്ഥ വൃന്ദവുമൊക്കെ ആധുനിക പൗരബോധത്തിന്റെ നിലവാരമനുസരിച്ച് ജനങ്ങളോട് പെരുമാറുന്നു.
വാഹനങ്ങള്‍ തടഞ്ഞുവെച്ചുള്ള പരിശോധനയൊക്കെ വിരളം.എന്നാല്‍ തെരുവിലെ നിയമ ലംഘനങ്ങളൊക്കെ സെന്‍സര്‍ കേമറകളുപയോഗിച്ച് കണ്ടെത്തുകയും നല്ല തുക പിഴയായി വസൂലാക്കുകയും ചെയ്യും. മുറിച്ചുകടക്കാവുന്ന നിരത്തുകളുടെ ഓരത്ത്, നമ്മള്‍ റോഡരുകില്‍ നില്‍ക്കുന്നതു കണ്ടാല്‍ മതി. വാഹനം നിര്‍ത്തി നമുക്ക് ക്രോസ് ചെയ്യാന്‍ സൗകര്യം തരും. പൊതുവായി നിരത്തിലൊരിടത്തും ഹോണ്‍ മുഴക്കുന്ന ശബ്ദമേ കേള്‍ക്കാന്‍ കഴിയില്ല. അപകടമുണ്ടായാല്‍ വാഹന ഉടമകള്‍ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയുമൊന്നും പതിവില്ല. പെട്ടെന്ന് കുതിച്ചെത്തുന്ന പോലീസ് കേമറയുടെ സഹായത്തോടെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നിശ്ചയിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കി അപകടമുണ്ടാക്കിയ വാഹനങ്ങള്‍ വര്‍ക്ക് ഷാപ്പുകളിലേക്ക് മാറ്റുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടങ്കിലെ വര്‍ക്ക് ഷാപ്പുകാര്‍ വാഹനം ഏറ്റെടുക്കൂ.

നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്ന പ്രക്ഷുബ്ദാസ്ഥ ഒന്നാലോചിച്ചു നോക്കൂ. സാധാരണ പോലീസുകാര്‍ മുതല്‍ മോട്ടോര്‍ വേഹ്ക്കിള്‍ ഉദ്യോഗസ്ഥര്‍ വരെ കനപ്പെട്ട കൈക്കൂലി വാങ്ങാനുള്ള അവസരമായാണ് ഇതൊക്കെ കാണുന്നത്.

‘പുരോഗമന പ്രസ്ഥാനങ്ങള്‍’ ശക്തി പ്രാപിച്ച, ‘ജനാധിപത്യ ബോധവും’ മറ്റും വികസിച്ച നമ്മുടെ നാട് എന്ത് കൊണ്ടാണ് ഇത്തരം കാര്യങ്ങളിലൊക്കെ ഇപ്പോഴും അപരിഷ്‌കൃതമായി തുടരുന്നത്?
1789 ലെ ഫ്രഞ്ചു വിപ്‌ളവത്തെ തുടര്‍ന്നാണല്ലോ മനുഷ്യര്‍ എല്ലാവരും നിയമത്തിനു മുമ്പില്‍ സമന്മാരാണ് എന്ന ആധുനിക പൗരബോധം സമൂഹം നിയമപരമായി അംഗീകരിക്കുന്നത്. രണ്ടര നൂറ്റാണ്ടിന് ശേഷവും പുരോഗമനവാദികളും പ്രബുദ്ധരുമായ നാം എവിടെയാണ് നില്‍ക്കുന്നത്?

നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഉഴുതുമറിച്ചതായി നാം അവകാശപ്പെടുന്ന മണ്ണില്‍ നമ്മെ അടക്കി ഭരിക്കുന്നത് ഇപ്പോഴും ഫ്യൂഡല്‍ ബോധമാണ് എന്ന് വരുന്നത് അപമാനകരമല്ലേ?
പഴയ രാജാക്കന്മാര്‍ക്ക് പകരം പുതിയ ‘ജനാധിപത്യ രാജാക്കന്മാര്‍’ വന്നു. നിമിപ്പോഴും രാജാവിനെ വണങ്ങുന്ന പോലെ അവരെ വണങ്ങുന്നവരാണ്. അങ്ങിനെ ചെയ്തില്ലങ്കില്‍ അവര്‍ നമ്മെ ശിക്ഷിക്കും. നാം പഴയ രാജഭരണകാലത്തെ പ്രജകള്‍ മാത്രമാണിപ്പോഴും. ആധുനിക ജനാധിപത്യ സമൂഹത്തിലെ തുല്ല്യ പദവിയുള്ള പൗരന്മാരാണ് നാം എന്ന് നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കും ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അതു കൊണ്ടാണല്ലോ ചത്തും കൊന്നും ഉരുട്ടിയും ഇടിച്ചും തെറി പറഞ്ഞും അടിമപ്പണി ചെയ്യിച്ചും രാജ കിങ്കരന്മാരായി പോലീസുകാര്‍ വിലസുന്നത്.

ലോകമാകെ ഇടതുപക്ഷം സാംശീകരിച്ച ചില കാഴ്ചപ്പാടുകളുണ്ട്.തൊഴില്‍ സമരങ്ങള്‍, ജനകീയ പ്രക്ഷോഭങ്ങള്‍ എന്നിവയിലൊന്നും പോലീസ് ഇടപെടരുത്. ജനങ്ങളുടെ പൗരാവകാശങ്ങള്‍ കശക്കി എറിയുന്ന കരിനിയമങ്ങളൊന്നും ഉപയോഗിക്കരുത്.

ഇക്കാര്യത്തിലൊക്കെ ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ പ്രകടമായ എന്ത് വ്യത്യാസമാണ് നമുക്ക് കാണാന്‍ കഴിയുക?
പോലീസിന്റെ മനോവീര്യം തകരരുത് എന്നാണ് കരുണാകരനും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനുമൊക്കെ ഒരു പോലെ പറയുന്നത്. പറഞ്ഞതിന്റെ മറ്റൊരു അര്‍ത്ഥം ജനങ്ങളുടെ മനോവീര്യം തകര്‍ന്നാലും ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമായ, അടിച്ചമര്‍ത്തല്‍ സേനയെ ഡമോക്ലസ്സിന്റെ വാളുപോലെ ഒരു ജനതയുടെ തലക്ക് മുകളില്‍ തൂക്കിയിട്ടു വേണം എല്ലാവര്‍ക്കും ‘ഭരിക്കാന്‍’ എന്നു തന്നെയല്ലേ?

ആധുനിക പൗരബോധത്തിലേക്ക് പോലീസ്, ഉദ്യോഗസ്ഥ വൃന്ദം, ഉള്‍പ്പെടെ ജനതയെ ആകെ വികസിപ്പിക്കാന്‍ നേതൃത്വ പരമായ പങ്ക് വഹിക്കാന്‍ കഴിയുമ്പോഴാണ് ഇടതുപക്ഷം ഇടതുപക്ഷമായി വിജയിക്കുന്നത്. അല്ലാതെ പോലീസ് അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി ന്യൂ നീകരിക്കുമ്പോഴല്ല. പോലീസുകാരന്റെ ചെകിടത്തടിച്ച പോലീസ് കൊച്ചമ്മയും നിരപരാധിയെ മര്‍ദ്ദിച്ചു കൊല്ലുന്ന കാക്കി പിശാചുകള്‍ക്കും നിയമഭയമില്ലാത്ത ഒരു സമൂഹവും പരിഷ്‌കൃതമല്ല.