പൂഞ്ചോല പത്മനാഭന്‍ ഓര്‍മ്മയാകുമ്പോള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നീണ്ട ഒരു ഇടവേളയ്ക്കുശേഷം കോഴിക്കോട്ടുനിന്ന് ശ്രീനിവാസന്‍ വക്കീല്‍ വിളിച്ച് പൂഞ്ചോല എന്നു പറഞ്ഞപ്പോള്‍ കരുതിയില്ല പൂഞ്ചോല പത്മനാഭനെ മരണം കൊണ്ടുപോയെന്ന്. മരിക്കാനുള്ള പ്രായം അനുജനെപ്പോലെ ഞാന്‍ കരുതിയിരുന്ന പത്മനാഭനില്ല. വ്യക്തിപരമായ പല സിദ്ധികളും മൂലധനമായുണ്ടായിരുന്ന ആ പഴയ യുവാവായിരുന്നു എന്നും മനസില്‍ പൂഞ്ചോല പത്മനാഭന്‍.

സൂക്ഷ്മദൃക്കായ പത്രപ്രവര്‍ത്തകന്‍. ശ്രോതാക്കളെ നിശബ്ദരാക്കുന്ന വാഗ്മി. പ്രത്യശാസ്ത്രത്തോടും മനുഷ്യനോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാരന്‍. തെറ്റുകള്‍ക്കും അനീതിക്കുമെതിരെ മുഖം നോക്കാതെ, വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന പോരാളി – ഇതൊക്കെ പൂഞ്ചോല പത്മനാഭനെന്ന യുവ ദേശാഭിമാനി പ്രവര്‍ത്തകന്റെ സവിശേഷതകളായി കണ്ടിരുന്നു. അതൊക്കെതന്നെയാകാം അദ്ദേഹത്തെ ഉയരങ്ങളില്‍നിന്നും പ്രസ്ഥാനത്തിന്റെ അഴിമുഖത്തുനിന്നും അകറ്റിയതെന്നും തോന്നുന്നു.

പോരാളിയായി മുന്നേറേണ്ടിയിരുന്ന ഒരു പത്രപ്രവര്‍ത്തകനും ഒരു ഇടതുപക്ഷ പ്രവര്‍ത്തകനുമാണ് പൂഞ്ചോലയുടെ നിര്യാണത്തോടെ മാഞ്ഞുപോകുന്നത്. യഥാര്‍ത്ഥത്തില്‍ രാജന്‍ സംഭവം സംബന്ധിച്ച വാര്‍ത്ത അച്ചടിമഷി പുരട്ടി ജനങ്ങളെ ആദ്യം അറിയിച്ചത് പൂഞ്ചോല പത്മനാഭനാണ്. അടിയന്തരാവസ്ഥ നിലനിര്‍ത്തി ഇന്ദിരാഗാന്ധി പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച 1977 ഫെബ്രുവരിയില്‍.

ആര്‍.ഇ.സിയിലെ അവസാന വിദ്യാര്‍ത്ഥിയായ തന്റെ മകന്‍ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ട് ഒരുവര്‍ഷം കഴിഞ്ഞെന്നും അവന്‍ എവിടെയുണ്ടെന്ന് അധികാരികളാരും വെളിപ്പെടുത്തുന്നില്ലെന്നും വിശദീകരിക്കുന്ന ഹൃദയസ്പൃക്കായ ഒരു നോട്ടീസ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ പ്രൊഫ. ഈച്ചരവാര്യര്‍ വിതരണം ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ച ആ നോട്ടീസ് ആസ്പദമാക്കിയായിരുന്നു കക്കയം ക്യാമ്പില്‍കൊണ്ടുപോയ രാജന്റെ തിരോധാനം സംബന്ധിച്ച ആദ്യവാര്‍ത്ത പൂഞ്ചോല പുറത്തുകൊണ്ടുവന്നത്.

കോയമ്പത്തൂര്‍ സെഷന്‍സ് കോടതി ജയറാം പടിക്കലടക്കമുള്ളവരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചപ്പോള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച രാജന്‍കേസ് സംഭവത്തിന്റെ ഈ വസ്തുത ഈ ലേഖകന്‍ വെളിപ്പെടുത്തിയിരുന്നു. പൂഞ്ചോല പത്മനാഭന്‍ എന്ന പത്രപ്രവര്‍ത്തകനുള്ള ആജീവനാന്ത കീര്‍ത്തിമുദ്ര ആ കുറിപ്പായിരിക്കുമെന്ന് പറയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

നിങ്ങള്‍ വിതയ്ക്കുന്ന വിത്തുകള്‍ മറ്റൊരാള്‍ കൊയ്യുന്നു.
നിങ്ങള്‍ തുന്നുന്ന കുപ്പായം മറ്റൊരാള്‍ ധരിക്കുന്നു.  – എന്ന് പണ്ടെന്നോ പ്രസിദ്ധ ആഗ്ലേയകവി പി.വി ഷെല്ലി എഴുതിയതുപോലെ രാജന്‍കേസിനും പിന്നീട് പല അവകാശികളുമുണ്ടായി. പത്രപ്രവര്‍ത്തകര്‍ ധിക്കാരികളാണെന്നും അവര്‍ ആരെയും ബഹുമാനിക്കാറില്ലെന്നും വിജയന്‍മാഷ് പറയുമായിരുന്നു. അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധം സൃഷ്ടിക്കുന്നതുകൊണ്ട് അധികാരം എത്രമാത്രം ജുഗുപ്‌സാവഹമാണെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാകും എന്നതാണ് കാരണമെന്നും.

പത്രപ്രവര്‍ത്തകന്‍ കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയാകുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ അന്തപുര രഹസ്യങ്ങളും ആദ്യം അറിയുക പാര്‍ട്ടി പത്രപ്രവര്‍ത്തകനാകും. ആ സത്യത്തെ മൂടിപ്പൊതിയുന്നതിനു പകരം ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ മൂര്‍ച്ഛയുള്ള ആയുധമാക്കാന്‍ കമ്മ്യൂണിസ്റ്റു പത്രപ്രവര്‍ത്തകന്‍ നിര്‍ബന്ധിതനാകും. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും പത്രപ്രവര്‍ത്തനവും പാര്‍ട്ടിയും ചിലപ്പോള്‍ അയാളെ തള്ളി അതിന്റെ പാട്ടിനുപോയെന്നിരിക്കും.

അങ്ങനെ ഒറ്റപ്പെടുത്തിയും വേര്‍പെട്ടുംപോയ ഇടതുപക്ഷത്തിന്റെ ഒരു പ്രതീക്ഷയും പ്രതിഭയുമായാണ് ദൂരെനിന്ന് പൂഞ്ചോലയെ ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടുള്ളത്. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനവും പാര്‍ട്ടിയംഗത്വവുമൊക്കെയുള്ള പൂഞ്ചോല ഒരുരാത്രി എന്നെ വിളിച്ചിരുന്നു: മകളുടെ കല്യാണമാണ് പഴയ ദേശാഭിമാനിക്കാരും പാര്‍ട്ടിക്കാരും ഉണ്ടാകും. നിങ്ങള്‍ വരണമെന്നു പറഞ്ഞു. ആ സ്‌നേഹവും നിര്‍ബന്ധവും മനസിലായെങ്കിലും ക്ഷണിതാക്കളില്‍ ഞാന്‍കൂടിയുണ്ടാകുന്നത് പൂഞ്ചോലക്കു ദോഷമാകുമെന്ന് പറഞ്ഞ് വിവാഹത്തില്‍നിന്ന് വിട്ടുനിന്നു.

മറ്റൊരിക്കല്‍ വിളിച്ച് പാര്‍ട്ടിയില്‍ വി.എസിന്റെ നിലപാടാണ് ശരിയെന്നും താനതിന് ഒപ്പമാണെന്നും പറഞ്ഞതോര്‍ക്കുന്നു. കോഴിക്കോട്ട് പൂഞ്ചോല ദേശാഭിമാനി പത്രാധിപ സമിതിയിലെ അംഗമായി വന്ന കാലത്ത് വള്ളിക്കുന്നിലെ വീട്ടില്‍വരാന്‍ പലപ്പോഴും താല്പര്യപ്പെട്ടു. അവിടെ ഒരു പൊതുയോഗം സംഘടിപ്പിച്ച് അതിഥിയാക്കിയാണ് കൊണ്ടുപോയത്. രാത്രി വീട്ടില്‍ താമസിക്കുകയും അവിടെ എല്ലാവരുമായി അടുത്തിടപഴകുകയും ചെയ്ത ആ യുവസുഹൃത്ത് പിന്നീട് കൗതുകകരമായ ഒരു അഭിപ്രായപ്രകടനം നടത്തി. ഒരുദിവസം കൂടെ കഴിഞ്ഞിട്ടും ഞങ്ങളുടെ ജാതി എന്താണെന്ന് മനസിലായില്ലെന്ന്. സംസാരത്തിലും ഭക്ഷണരീതിയിലും ഒന്നിലും അത് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ലെന്ന്.

അങ്ങനെ പല സൂക്ഷ്മ നിരീക്ഷണങ്ങളും നിലപാടുകളുമുള്ള ഏറെ സ്‌നേഹസമ്പന്നനായ സഹപ്രവര്‍ത്തകന്‍കൂടിയായിരുന്നു പൂഞ്ചോല. കേരളത്തിലെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടുപോയ ഒരു പോരാളി എന്ന് നിരാശയോടെ, വേദനയോടെ പൂഞ്ചോലയെ സ്മരിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരട്ടെ.