കോഴിക്കോട് ജില്ലയിൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെ വിവര ശേഖരണം ഇന്ന് മുതൽ

കോഴിക്കോട്: കനത്ത മഴയിലും പ്രളയത്തിലും തകർന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും ഡിജിറ്റൽ സർവേ നടത്തുന്നതിനുള്ള പരിശീലന പരിപാടി ടാഗോർ ഹാളിൽ ആരംഭിച്ചു.

അർഹരായ മുഴുവൻ ദുരിതബാധിതരേയും പട്ടികയിലുൾപ്പെടുത്തുന്നതിനോടൊപ്പം വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതകളുള്ള പ്രദേശങ്ങളും ബാധിക്കാവുന്ന വീടുകളും ഡിജിറ്റലായി സർക്കാറിന് സൂക്ഷിക്കാൻ സാധിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ യു.വി ജോസ് പറഞ്ഞു.

രണ്ട് ദിവസത്തിൽ കൂടുതൽ വെള്ളം കയറി നാശനഷ്ടം നേരിട്ട വീടുകളെ പട്ടികയിലുൾപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. സംസ്ഥാന സർക്കാർ നാശനഷ്ടം രേഖെപ്പടുത്താൻ മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കുകൾ സർക്കാർ പുറത്തിറക്കിയ  ഈ മൊബൈൽ ആപ്പ് വഴിയാണ് ശേഖരിക്കുക.

ഇതിനായി ജില്ലയിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമർക്ക് ഇൻഫർമേഷൻ കേരള മിഷന്റെ കീഴിൽ പരിശീലനം നൽകി കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിന് ശേഷം എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗ്രൂപ്പായി തിരിഞ്ഞ് അടുത്ത രണ്ട് ദിവസങ്ങളിൽ കോർപ്പറേഷൻ പരിധിയിലെ വീടുകളുടെ വിവര ശേഖരണം നടത്തും.

തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർ, എൽ.എസ്.ജി.ഡി എൻജിനീയർമാർ, റവന്യു ഉദ്യോഗസ്ഥർ ക്യാംപസസ് ഓഫ് കോഴിക്കോട് വിദ്യാർത്ഥികൾ ഉൾപ്പടെ 900 പേർ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.