പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് രസീത് നല്‍കുന്നത് ഉറപ്പ് വരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: പോലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍ക്ക് രസീത് നല്‍കുന്നത് ഉറപ്പവരുത്തണമെന്ന മനുഷ്യവകാശ കമ്മീഷന്‍. ഇത് ജില്ലാ പോലീസ് മേധാവി മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചില സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ രസീത് നല്‍കാറില്ലെന്ന് ആരോപിച്ച് വടകര അഞ്ചാംപീടിക സ്വദേശി സാലിം നല്‍കിയ പരാതിയിലാണ് ഉത്തരവ്.
പരാതികള്‍ക്ക് രസീത് നല്‍കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ പല പോലീസ് ഉദ്യോഗസ്ഥരും ഈ നിര്‍ദ്ദേശം പാലിക്കാറില്ലെന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. സാലിം നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് രസീത് നല്‍കണമെന്ന നിര്‍ദ്ദേശം ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്തര്‍ക്കെതിരെ നടപടി എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.