കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ രാമനാട്ടുകര മേൽപ്പാലം നവംബറില്‍ യാഥാർഥ്യമാകും

രാമനാട്ടുകര: കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ നിര്‍മിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിനായുള്ള കാത്തിരിപ്പ് ഇനി രണ്ടുമാസം കൂടി മാത്രം. പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കും. സമീപനറോഡില്‍ മണ്ണുനിറക്കലും പാലത്തിലെയും സര്‍വീസ് റോഡുകളുടെയും ടാറിങ്ങും മറ്റു മിനുക്കു പണികളുമാണ് ഇനി ബാക്കിയുള്ളത്.

ചായം പൂശലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലിയും തീര്‍ക്കാനുണ്ട്. ഇത് ഒക്ടോബര്‍ അവസാനവാരത്തോടെ പൂര്‍ത്തിയാകുമെന്ന് ദേശീയപാത എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. വിനയരാജ് പറഞ്ഞു. മേല്‍പ്പാലത്തിന്റെ പണി 2017 മാര്‍ച്ചിലാണ് ആരംഭിച്ചത്. 14 സ്പാനുകളിലായി 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. 85 കോടിരൂപയാണ് പാലം നിര്‍മിക്കുന്നതിനായി ചെലവിട്ടത്.

ഇതോടൊപ്പം നീലിത്തോടിനുകുറുകെ നിലവിലെ പാലത്തിന് ഇരുവശത്തുമായി രണ്ടുപാലങ്ങള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. നിസരി ജങ്ഷന്‍ മുതല്‍ എച്ച്.പി. പെട്രോള്‍പമ്പുവരെ റോഡിനിരുവശത്തും സര്‍വീസ് റോഡുകളുടെ പണി അവസാനഘട്ടത്തിലാണ്. മേല്‍പ്പാലം നവംബറില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി.

പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനച്ചടങ്ങുകള്‍ വളരെ ലളിതമാക്കാനാണ് ആലോചിക്കുന്നതെന്ന് ദേശീയപാതാ അധികൃതര്‍ പറഞ്ഞു. രാമനാട്ടുകരയിലെ മേല്‍പ്പാലം മറ്റുമേല്‍പ്പാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്പാനുകള്‍ക്കിടയിലെ വിടവുകുറച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴുള്ള സ്വാഭാവികചാട്ടം ഒഴിവാക്കാനാണ്. 50 സെന്റിമീറ്റര്‍ വീതിയില്‍ ആര്‍ച്ചുരീതിയിലുള്ള മനോഹരമായ ക്രാഷ് ബാരിയര്‍ കൈവരികളാണ് നിര്‍മിച്ചിട്ടുള്ളത്.

മേല്‍പ്പാലത്തിലേക്കുള്ള പ്രവേശനഭാഗമായ നിസരി ജങ്ഷനിലും മേല്‍പ്പാലം ജങ്ഷനിലും സര്‍ക്കിളുകള്‍ സ്ഥാപിച്ച് മനോഹരമാക്കും. പാലത്തിനുതാഴെ പാര്‍ക്കിങ് സജ്ജീകരിക്കാനുമുള്ള പദ്ധതിയും ബാക്കിയുണ്ടെന്ന് പ്രവൃത്തിയേറ്റെടുത്ത് നടത്തുന്ന യു.എല്‍.സി.സി.യുടെ പ്രൊജക്ട് എന്‍ജിനീയര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു. ദേശീയപാതാവിഭാഗം സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ് രാമനാട്ടുകര മേല്‍പ്പാലം.

ബൈപ്പാസില്‍ രാമനാട്ടുകര മുതല്‍ വെങ്ങളംവരെയുള്ള ഭാഗം ആറുവരിയാക്കുമ്പോള്‍ നിലവിലെ പാലത്തിന് സമാന്തരമായി മറ്റൊന്നുകൂടി നിര്‍മിക്കേണ്ടിവരും. ആ പാലത്തിനും സമാനമായ ഡിസൈനാണുണ്ടാവുക. പാലം തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ കുറവുണ്ടാവും.