കണക്കെടുപ്പ് പൂർത്തിയായിട്ട് മാസങ്ങൾ; തെരുവ് നായകളെ നിയന്ത്രിക്കാൻ നടപടി ആയില്ല

കോഴിക്കോട്: ബീച്ച് ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ തെരുവ് നായകൾ കൂടി വരുമ്പോഴും നഗരത്തിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ഇതുവരെ നടപടി ആയില്ല. കോർപ്പറേഷൻ പരിധിയിൽ തെരുവ് നായകളുടെ കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും ഇവയുടെ ശല്യം നിയന്ത്രിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.

ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷനും പൂക്കോട് വെറ്ററിനറി കോളേജും ചേർന്നാണ് തെരുവ് നായ സർവേ നടത്തിയത്.
മാലിന്യം കൂടി വരുന്നതാണ് തെരുവ്നായകൾ പെരുകാൻ കാരണമെന്നാണ് ഇവർ കണ്ടെത്തിയത്. ഇതിന് പരിഹാരമായി മാലിന്യ നിയന്ത്രണത്തിനും സംസ്‌കരണത്തിനും വേണ്ട നടപടികൾ നടപ്പിലാക്കണമെന്ന് സർവേ നിർദ്ദേശിച്ചിരുന്നു.

പുതുതായി നിർമിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. ഉടമകളുള്ള നായകൾ തെരുവിൽ അലയുന്നത് നിയന്ത്രിക്കണം. ഉടമകളുടെ എല്ലാ വിവരവും ഉൾപ്പെടുന്ന ചിപ്പുകൾ വളർത്തുമൃഗങ്ങൾക്ക് നിർബന്ധമാക്കണം.

മാത്രമല്ല കുട്ടികളും വയോധികരുമാണ് നായകളുടെ ആക്രമണത്തിന് കൂടുതൽ വിധേയരാകുന്നതെന്നതിനാൽ ആക്രമണം പ്രതിരോധിക്കുന്നതുൾപ്പെടെയുള്ള ബോധവൽക്കരണം ഈ വിഭാഗങ്ങൾക്ക് നൽകണം. നായകളെ കൊല്ലുന്നത് ആരോഗ്യകരമായ നടപടിയല്ലെന്നും വന്ധ്യംകരണം പോലെയുള്ള നടപടികളാണ് വേണ്ടതെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കോർപറേഷൻ പരിധിയിൽ അലഞ്ഞുതിരിയുന്നത് 13,182 നായകളാണെന്നാണ് സർവേ റിപ്പോർട്ട്. ഇതിൽ 1.1 ശതമാനം ഉടമസ്ഥരുണ്ടായിട്ടും തെരുവിൽ അലയുന്നവയാണ്. 3.4 ശതമാനം മുന്തിയ ഇനത്തിൽ പെട്ടവയും തെരുവിൽ അലയുന്നു. തെരുവ് നായ നിർമാർജന യജ്ഞം ‘ ജീവനം, അതി ജീവനം’ എന്ന പേരിൽ ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായായിരുന്നു 75 വാർഡുകളിൽ സർവേ നടത്തിയത്.

തെരുവ് നായകളിൽ 295 എണ്ണം ഞെളിയൻ പറമ്പിന്റെ ചുറ്റുമതിലിനുള്ളിലായി കഴിയുന്നവയാണ്. 58.7 ശതമാനം നായകളുടെ ലിംഗനിർണയമാണ് നടത്തിയത്. ഇതിൽ ആൺപെൺ അനുപാതം 1:18 ആണ്. 24.2 ശതമാനം പട്ടികൾ മുലയൂട്ടുന്നവയാണ്. ഇപ്പോൾ ഇവ വർധിച്ചിട്ടുണ്ടാവും.