പീഡനകേസിലെ പ്രതി റിമാന്‍ഡ് കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വീണ്ടും അറസ്റ്റില്‍

കോഴിക്കോട്:പോക്സോ കേസില്‍ റിമാന്‍ഡ് കാലാവധി കഴിയാന്‍ 3 ദിവസം ബാക്കിനില്‍ക്കെ പ്രതിയെ ചേവായൂര്‍ പൊലീസും വീണ്ടും അറസ്റ്റ് ചെയ്തു. പന്ത്രണ്ടുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലിരിക്കയാണ് സി.പി വിജയനെ പോസ്‌കോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്.

വാപ്പോളിത്താഴത്തുള്ള തന്റെ കടയില്‍ സാധനം വാങ്ങാനായി എത്തുന്ന കുട്ടികളെ് ഇയാള്‍ പതിവായി ചൂഷണം ചെയ്യുമായിരുന്നു. തിരുവോണനാളില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ പന്ത്രണ്ടുകാരനെ കടയുടെ ഉള്ളിലേക്കു വിളിച്ചു കയറ്റി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു ചേവായൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കോടതി റിമാന്‍ഡ് ചെയ്ത വിജയന്‍ രോഗബാധിതനെന്നു പരാതിപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവേയാണു രണ്ടാമത്തെ അറസ്റ്റ്. 3 മാസം മുന്‍പു പീഡനശ്രമത്തില്‍നിന്നു രക്ഷപ്പെട്ട 10 വയസ്സുകാരന്റെ രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് നടപടി. ഇരുകുട്ടികളുടെയും രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. വിജയനെതിരെ നേരത്തേ പല ലഹരി വില്‍പന കേസുകളുമുണ്ടെന്നു ചേവായൂര്‍ എസ്ഐ ഇ.കെ. ഷിജു പറഞ്ഞു.