മന്തരത്തൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ അജ്ഞാത ജീവിയുടെ മൃതദേഹം പരിശോധനയ്ക്കായി പുറത്തെടുത്തു

വടകര: മന്തരത്തൂരിൽ പതിനാല് പശുക്കൾ പേവിഷ ബാധ മൂലം ചത്ത പ്രദേശത്തിനടുത്ത് ചത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതജീവിയുടെ മൃതദേഹം പുറത്തെടുത്തു. പേവിഷ ബാധയേറ്റ പശുക്കളെ കടിച്ചത് അജ്ഞാത ജീവിയാണെന്ന സംശയം നില നിൽക്കുന്നതിനിടയിലാണ് വലിയ പൂച്ചയെപ്പോലുളള ജീവിയെ ചെരണ്ടത്തൂർ തപാൽ ഓഫിസിനടുത്ത പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

മൂന്നു ദിവസമെങ്കിലും പഴക്കമുള്ള ജീവിയുടെ ജഡം കടുത്ത ദുർഗന്ധം മൂലം കുഴിച്ചുമൂടി. എന്നാൽ അജ്ഞാത ജീവിയെ പലയിടത്തായി നാട്ടുകാർ കാണുകയും പേവിഷ ബാധയ്ക്കു മറ്റു കാരണങ്ങളൊന്നും കണ്ടെത്താനാവാത്തതുമായ സാഹചര്യത്തിൽ ഇതിനെ പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു വന്നു. വിവരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇതിനെ തുടർന്ന് അജ്ഞാത ജീവിയുടെ ദേഹം വിശദ പരിശോധനയ്ക്കായി ഞായറാഴ്ച പുറത്തെടുത്തു. ഐസ് പാക്ക് ചെയ്ത ശേഷം ഇത് വനംവകുപ്പിനെ ഏൽപ്പിച്ചു. മൃതദേഹം പൂക്കോട് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.

പ്രധാനമായും പേവിഷബാധയേറ്റിട്ടുണ്ടോ എന്നാകും പരിശോധിക്കുക. ജീവി ഏതാണെന്ന് തിരിച്ചറിയാൻ മസിൽ ഭാഗവും എടുത്തിട്ടുണ്ട്. ഇത് മൃഗസംരക്ഷണ വകുപ്പിന്റെ പാലോടിലുള്ള ലാബിലേക്ക് അയയ്ക്കും.