ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ മാസം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. എലിപ്പനി ബാധയെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നാല് ലക്ഷത്തിലേറെ പ്രതിരോധ മരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് എലിപ്പനി രോഗ നിവാരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രതിരോധ മരുന്ന് കഴിക്കാത്താവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആന്‍ഡമാനില്‍ പ്രവര്‍ത്തിക്കുന്ന എലിപ്പനി പ്രതിരോധ വിദഗ്ധര്‍ പറയുന്നു. അതേസമയം എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ എലിപ്പനിയെ കേരളം കൂടുതല്‍ ജാഗ്രതയോടെ നേരിടണമെന്ന് 25 വര്‍ഷമായി ആന്‍ഡമാനില്‍ എലിപ്പനി രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളി ഡോക്ടര്‍ ഡോ.സുഗുണന്‍ പറഞ്ഞു.

കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.പ്രളയ ജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ പെട്ടന്ന് തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.