ദാരിദ്ര്യത്തെ പൊരുതി ജയിച്ച കായിക പ്രതിഭ

സാജിദ് അഹമ്മദ്

മേപ്പയ്യൂര്‍: ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടി വരകില്‍ നീന രാജ്യത്തിന്റെ അഭിമാന താരമായി. കോഴിക്കോട് മേപ്പയൂര്‍ പട്ടോലക്കുന്ന് സ്വദേശിയാണ് നീന. ഇല്ലായ്മകളുടെയും പരിമിതികളുടെയും കുടുംബാന്തരീക്ഷത്തില്‍ നിന്നും ദാരിദ്ര്യത്തോട് പടപൊരുതിയാണ് കഠിനാധ്വാനിയായ ഈ പ്രതിഭ നേട്ടം കൈവരിച്ചത്.

മണ്‍കട്ടകൊണ്ട് നിര്‍മിച്ച വീട്ടില്‍ കൂലിത്തൊഴിലാളിയായ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മയും സഹോദരിയുള്‍പ്പെടുന്ന കുടുംബം അടുത്തകാലംവരെ ജീവിതം മുന്നോട്ടു നയിച്ചത്. പിന്നീട് വെസ്റ്റേണ്‍ റെയില്‍വെയുടെ രാജ്‌കോട്ട് ഡിവിഷനില്‍ നീനക്ക് ജോലി ലഭിച്ചത് കുടുംബത്തിന് വലിയൊരാശ്വാസമായി. അച്ഛന്‍ വരകില്‍ നാരായണന്റെയും അമ്മ പ്രസന്നയുടെയും സഹോദരി നീതുവിന്റെയും പിന്തുണയും പ്രാര്‍ത്ഥനയും നീനയെ വലിയ നേട്ടങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

പഠനകാലത്തു തന്നെ കായിക മത്സരങ്ങളില്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ കൊയ്‌തെടുത്തിരുന്നു. മേപ്പയ്യൂര്‍ എല്‍ പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എം യു പി സ്‌കൂള്‍ എന്നിവിടങ്ങളിലായിരൂന്നു പ്രാഥമിക വിദ്യാഭ്യാസം. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി പഠനം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ് ടു പഠനം തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലായിരുന്നു. ബ്രണ്ണന്‍ കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഈ അവസരങ്ങളിലൊക്കെ കായിക മത്സരങ്ങളില്‍ നീന മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൊയിലാണ്ടി പൂക്കാട് സ്വദേശിയും മേപ്പയ്യൂര്‍ എളമ്പിലാട് സ്‌കൂളിലെ അധ്യാപകനുമായ കെ കെ രാമചന്ദ്രനാണ് നീനയിലെ കായിക പ്രതിഭയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്. കൊയിലാണ്ടി ഉഷാ സ്‌കൂളില്‍ ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഒമാനടക്കമുള്ള രാജ്യങ്ങളിലും വിദഗ്ധ പരിശീലനത്തിനായി പോയിരുന്നു.

സ്‌പോര്‍ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തില്‍ നിന്നാണ് ദേശീയ താരമായി ഉയര്‍ന്നത്. ഇതിന് മുമ്പ് ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പി അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ ലോങ് ജംപില്‍ സ്വര്‍ണം നേടി. ഹൈദരാബാദില്‍ നടന്ന ദേശീയ സീനിയര്‍ മീറ്റ്, ബംഗളുരുവില്‍ നടന്ന മൂന്നാം ഗ്രാന്‍പി, നാലാം ഗ്രാന്‍പി, തായ്‌ലാന്റ് ഓപ്പണ്‍ അത്‌ലറ്റിക്‌സ് എന്നിവിടങ്ങളിലെല്ലാം നീന സുവര്‍ണ നേട്ടം കൊയ്‌തെടുത്തിരുന്നു. ഒരു സീസണില്‍ മാത്രം അഞ്ചു സ്വര്‍ണം കരസ്ഥമാക്കിയ നീനക്ക് റിയോ ഒളിമ്പിക്‌സില്‍ നേരിയ വ്യത്യാസത്തിനാണ് അവസരം നഷ്ടമായത്. സുരക്ഷിതമായൊരു വീടില്ലാതെ കഴിയുന്ന ഈ കുടുംബത്തിന് ആശ്വാസമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറായി. തുടര്‍ന്ന് ബിഷപ്പ് സക്കറിയ മാര്‍ തെയോപ്പിലോസ് മെത്രാപ്പോലീത്ത നീനയുടെ വീട് സന്ദര്‍ശിച്ചാണ് ഭവന പദ്ധതി പ്രഖ്യാപിച്ചത്.

വീടിന്റെ പണി തീര്‍ത്തു ജൂലായ് 30ന് താമസം മാറാനുള്ള ഒരുക്കത്തിലാണ് നീനയുടെ കുടുംബം. വീട്ടില്‍ മെഡലുകള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ അവയെല്ലാം അച്ഛന്റെ സഹോദരന്‍ കുഞ്ഞിരാമന്റെ വീട്ടിലാണുള്ളത്.