ഇന്ധനവില വർധനവ്; വടകരയിൽ ഓട്ടംനിർത്തിയത് 15 ബസുകൾ

വടകര: ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ ഈ മാസം മാത്രം വടകര ആർ.ടി.ഓഫീസ് പരിധിയിൽ ഓട്ടം നിർത്തിയത് 15 സ്വകാര്യബസുകൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ 30- ഓളം ബസുകളാണ് ആർ.ടി.ഒ.യ്ക്ക് സ്റ്റോപ്പേജ് നൽകിയത്. ഇതിൽ ഒരുവർഷത്തേക്കുവരെ സ്റ്റോപ്പേജ് നൽകിയ ബസുകളും ഉൾപ്പെടുന്നു.

ഒക്ടോബർ ഒന്നിനാണ് 15 സ്വകാര്യബസുകൾ ഓടുന്നില്ലെന്നുകാണിച്ച് മൂന്നുമാസത്തേക്ക് സ്റ്റോപ്പേജ് നൽകിയത്. അറ്റകുറ്റപ്പണിയെന്നാണ് കാണിച്ചതെങ്കിലും യഥാർഥപ്രശ്നം ഇന്ധനവില വർധനയെത്തുടർന്നുണ്ടായ പ്രതിസന്ധി തന്നെയാണ്.

വടകര താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കഴിഞ്ഞമാസം യോഗം ചേർന്ന് ഈമാസം മുതൽ സ്റ്റോപ്പേജ് നൽകാൻ തീരുമാനിച്ചിരുന്നു. താലൂക്കിൽ ഓടുന്ന 200-ഓളം ബസുകളും സ്റ്റോപ്പേജ് നൽകുമെന്നാണ് അസോസിയേഷൻ അറിയിച്ചത്. ബാക്കി ബസുകൾ നികുതിയടച്ച കാലാവധിവരെ ഓടുമെന്നാണ് അറിയുന്നത്. പിന്നീട് നികുതി അടയ്ക്കാതെ സ്റ്റോപ്പേജ് നൽകും.

ഡീസൽവില വർധിച്ചതോടെ നിരക്കു വർധനയുടെ ഒരു ഗുണവും ബസ്സുടമകൾക്ക് കിട്ടുന്നില്ല. ഫെബ്രുവരിയിൽ നിരക്ക് കൂട്ടുമ്പോൾ 64 രൂപയായിരുന്നു ഡീസലിന്. ഇപ്പോഴത് 79 രൂപ കടന്നു. കൂടിയത് 15 രൂപയോളം. ഇതോടെ ദിവസം എണ്ണയ്ക്കുമാത്രം 6300 രൂപയോളം ചെലവാകുന്നതായി ഉടമകൾ വ്യക്തമാക്കി.

ദിവസം പതിനായിരംരൂപ കളക്‌ഷൻ കിട്ടിയിരുന്ന ബസുകൾക്ക് ഇതുകൊണ്ടുതന്നെ സർവീസ് നടത്താനാകാത്ത സ്ഥിതിയാണ്. എല്ലാ ചെലവും കഴിഞ്ഞാൽ ഉടമയ്ക്ക് ലാഭം ഒന്നുംകിട്ടുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും കൈയിൽനിന്ന് കൂട്ടിയിടേണ്ടിവരുന്നു.

ഈ സാഹചര്യത്തിലാണ് സ്റ്റോപ്പേജ് നൽകുക എന്ന തീരുമാനത്തിലേക്ക് ഉടമകളെത്തിയത്. എന്നാൽ ബസുകൾ ഇത്തരത്തിൽ ഓട്ടം നിർത്തുന്നത് ഗ്രാമീണമേഖലയിലെ യാത്രാപ്രശ്നം രൂക്ഷമാക്കുമെന്ന ആശങ്കയും ഉണ്ട്.

നേരത്തെതന്നെ ബസുകളുടെ എണ്ണം കുറഞ്ഞതിനാൽ നിരവധി റൂട്ടുകളിൽ വലിയ യാത്രാക്ലേശമുണ്ട്. ഇന്ധനവില ഇതേ രീതിയിൽ വർധിക്കുകയാണെങ്കിൽ വരുന്ന മാസം കൂടുതൽ ബസുകൾ സ്റ്റോപ്പേജ് നൽകാനാണ് സാധ്യത.