ബാലുശ്ശേരിയിൽ പിടികൂടിയ കള്ളനോട്ടടി യന്ത്രം എത്തിച്ചത് കോയമ്പത്തൂരിൽ നിന്ന്; അച്ചടി രീതികൾ പുതിയത്

ബാലുശ്ശേരി: കള്ളനോട്ടടി കേസിൽ അറസ്റ്റിലായ പ്രതികൾ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നതിനായി സ്വീകരിച്ചത് പുതിയ രീതികൾ. അച്ചടിക്കുന്നതിനായി ആധുനിക സാങ്കേതിക രീതിയിലുള്ള മെഷീൻ എത്തിച്ചത് കോയമ്പത്തൂരിൽ നിന്നാണ്.

പേപ്പറിന്റെ ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത ശേഷം ഒട്ടിക്കുന്നതായിരുന്നു കള്ളനോട്ടടിക്കാരുടെ പഴയ രീതിയെങ്കിൽ ഒരേ പേപ്പറിന്റെ രണ്ടു വശത്തും പ്രിന്റ് ഇട്ട് വെട്ടി എടുക്കുന്ന പുതിയ രീതിയിലാണ് പ്രതികൾ ബാലുശ്ശേരിയിൽ കള്ളനോട്ട് അടിച്ചത്.

നിലവിൽ പോലീസിന് ലഭിച്ച വിവരങ്ങളനുസരിച്ച് സംഘത്തിലെ ഓരോ അംഗവും കള്ളനോട്ടടിയിൽ കൃത്യമായ റോൾ വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലുള്ള അറിവും കള്ളനോട്ടടിയിൽ മുൻപരിചയവുമുള്ള വൈറ്റില സ്വദേശി വിൽബർട്ട് ആണ് പ്രധാന ജോലികൾ ചെയ്തത്. ജില്ലയിലെയും വിദേശത്തെയും സ്വാധീനവും ഗുണ്ടാപശ്ചാത്തലുമാണ് കള്ളനോട്ടടിയിൽ രാജേഷ് ഉപയോഗപ്പെടുത്തിയത്.

നല്ലളം സ്വദേശി വൈശാഖിന്റെയും ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും ക്വട്ടേഷൻ പശ്ചാത്തലവും കള്ളനോട്ടടിയിൽ സംഘം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം.

അച്ചടിക്കുന്ന കള്ളനോട്ടുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രതികൾ ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ വീട് വാടകയ്ക്ക് എടുത്ത വിവരം പോലീസിൽ സമ്മതിച്ചിട്ടുണ്ട്.
ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കേന്ദ്രീകരിച്ച് കള്ളനോട്ടടി ശൃഖല പ്രവർത്തിക്കുന്നുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മലപ്പുറം കള്ളനോട്ടടി കേസിൽ വിൽബർട്ടിനെ ജാമ്യത്തിൽ എടുത്തത് കണ്ണാടിപ്പൊയിൽ സ്വദേശിയാണ്. ഇക്കാര്യവും പോലീസിനെ സംശയം ബലപ്പെടുത്തുന്നതാണ്.

മലപ്പുറത്ത് കള്ളനോട്ടടി നടന്നപ്പോൾ എറണാകുളത്തുനിന്നാണ് വിൽബർട്ട് യന്ത്ര സാമഗ്രികൾ എത്തിച്ചത്. പക്ഷേ, പിടിക്കപ്പെട്ടതോടെ എറണാകുളത്തുനിന്ന് എത്തിച്ച യന്ത്രസാമഗ്രികൾ പോലീസ് കസ്റ്റഡിയിലായി. ഇതിനെ തുടർന്നാണ് ബാലുശ്ശേരിയിൽ കള്ളനോട്ടടിക്കാൻ പദ്ധതിയിട്ടപ്പോൾ മെഷീൻ കോയമ്പത്തൂരിൽനിന്നും എത്തിച്ചത്.

കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച പേപ്പറുകൾ ചെന്നൈയിൽനിന്നാണ് സംഘം എത്തിച്ചത്. ഇതുകൊണ്ട് തന്നെ പ്രതികളുടെ ഇതര സംസ്ഥാന ബന്ധങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.