വാക്ക് മാറ്റി രാംവിലാസ്; പ്രളയകാലത്തെ അരി സൗജന്യമല്ല, പണം ദുരിതാശ്വാസ നിധിയില്‍ നിന്ന് കുറയ്ക്കും

ന്യൂദല്‍ഹി: പ്രളയകാലത്ത് കേരളത്തിലേക്ക് അനുവദിച്ച അധിക അരി സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍. അരിയുടെ പണം ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്
കൂടുതല്‍ സഹായം ആവശ്യപ്പെട്ടെത്തിയ എം.പിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്.

89,000 ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. അനുവദിച്ച അരിക്ക് കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ വില നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അരി സൗജന്യമാണെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍ പറഞ്ഞിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല.

അതിനിടെ, സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചിരുന്നു. സബ്സിഡി ഇല്ലാതെയാണ് കേരളത്തിന് 12,0000 ലിറ്റല്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചത്.