മഴക്കെടുതി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഴക്കെടുതി ദുരന്തം സംസ്ഥാനത്തുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഓഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികള്‍ റദ്ദാക്കി. അദ്ദേഹം തലസ്ഥാനത്ത് തന്നെ തുടരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്ത് തുടരുന്നത്.

അതെ സമയം മഴക്കെടുതി നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ മഴക്കെടുതിയെ കുറിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. ദുരന്തം നേരിടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച്‌ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത കാലവര്‍ഷ ദുരന്തത്തിനാണ് സംസ്ഥാനം ഇത്തവണ സാക്ഷിയാകുന്നത്. ഇടുക്കിയിലാണ് മഴക്കെടുതിയിൽ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്. 11 പേരാണ് ഇടുക്കിയിൽ മരണമടഞ്ഞത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഭീതിയിലാണ്ട് നില്‍ക്കുകയാണ് സംസ്ഥാനം. വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. നാളെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നിരവധി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ദുരന്തത്തെ നേരിടാന്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ 15 അംഗസംഘത്തെ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ എത്തിച്ചു. 48 പേരുടെ മറ്റൊരു സംഘവും വയനാട്ടില്‍ എത്തിയിട്ടുണ്ട്. 28 പേരടങ്ങുന്ന ഓരോ സംഘങ്ങള്‍ കോഴിക്കോടും മലപ്പുറത്തും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തീര്‍ത്ത ദുരന്തത്തില്‍ ജനങ്ങള്‍ ആകെ ആശങ്കയിലാണ്. പലയിടങ്ങളിലും ജനജീവിതവും ഗതാഗതസംവിധാനങ്ങളും ദുരിതത്തിലായി.