അവസാന പോരാട്ടത്തിലും വിജയിച്ച് കലൈഞ്ജർ; അന്ത്യവിശ്രമം മറീനയിൽ അണ്ണാ ദുരെയ്ക്കരികിൽ

ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച ഡി.എം.കെ അദ്ധ്യക്ഷൻ കുരുണാനിധിയുടെ അന്ത്യ വിശ്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായി. കരുണാനിധി അന്ത്യ വിശ്രമം
കൊള്ളുക മറീന ബീച്ചിലെ അണ്ണാദുരൈയുടെ സമാധിയ്‌ക്ക് സമീപത്ത് തന്നെ. സംസ്‌കാരം മറീന ബീച്ചിൽ നടത്താൻ മദ്രാസ് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി.ജി.രമേഷ്, ജസ്‌റ്റിസ് സുന്ദർ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടത്തോളം അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സംസ്കാരം മറീന ബീച്ചിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ

സംസ്കാരം മറീനയിൽ നടത്തുന്നതിനെ എതിർത്തു ട്രാഫിക് രാമസ്വാമി അടക്കമുള്ള ആറ് പേർ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ ഹർജികൾ ഹർജിക്കാർ തന്നെ പിൻവലിക്കുകയായിരുന്നു. ഹൈക്കോടതി ഹർജികൾ തള്ളുമെന്ന സാഹചര്യം വന്നതോടെയാണ് ഹർജിക്കാർ പിൻവാങ്ങിയത്. ഇന്നലെ രാത്രി കോടതി കേസിൽ വാദം കേട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ വാദം തുടരുകയായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം 11 മണിക്കാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കരുണാനിധിയുടെ ഭൗതികദേഹം മറീനയിൽ അടക്കം ചെയ്യണമെന്ന് ഡി.എം.കെ നിർബന്ധം പിടിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചു. മുഖ്യമന്ത്രി ആയിരിക്കെ മരിച്ചവരെ മാത്രമാണ് മറീനയിൽ അടക്കം ചെയ്യാറുള്ളത്. അതാണ് കീഴ്‌വഴക്കമെന്നും സർക്കാർ അഭിഭാഷകൻ പറ‍ഞ്ഞു.

എന്നാൽ,​ സർക്കാരിന്റെ വാദങ്ങളെല്ലാം ഡി.എം.കെ തള്ളി. ഡി.എം.കെ സ്ഥാപകനായ അണ്ണാദുരൈ,​ കരുണാനിധിയാണ് തന്റെ ആത്മാവെന്ന് പറയുമായിരുന്നു. അങ്ങനെയുള്ള കരുണാനിധിയ്ക്ക് ഗാന്ധി മണ്ഡപത്തിന് സമീപത്ത് അന്ത്യവിശ്രമം ഒരുക്കുന്നത് ഉചിതമല്ല. തമിഴ്നാട്ടിലെ ഒരു കോടിയോളം വരുന്ന ഡി.എം.കെ പ്രവർത്തകർ ഇത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കാമരാജയും കോൺഗ്രസ് മുഖ്യമന്ത്രിമാരും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമായി യോജിക്കാത്തവരായിരുന്നു. അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഒരേ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണ്. അതിനാലാണ് എം.ജി.ആറിന് മറീന ബീച്ചിൽ അന്ത്യവിശ്രമം ഒരുക്കിയത്.

മറീനയിൽ മുഖ്യമന്ത്രിമാർക്ക് മാത്രമെ അന്ത്യവിശ്രമത്തിന് സ്ഥലം നൽകൂ എന്ന നിയമമൊന്നുമില്ല. കരുണാനിധിയുടെ മരണത്തെ തുടർന്ന് സർക്കാർ ഏഴ് ദിവസം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ്. അങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സർക്കാരിന് മറീനയിൽ കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് സ്ഥലം നൽകാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും ഡി.എം.കെയുടെ അഭിഭാഷകൻ ചോദിച്ചു. മുൻ മുഖ്യമന്ത്രിമാർക്ക് മറീനയിൽ അന്ത്യവിശ്രമത്തിന് ഇടം നൽകരുതെന്ന ഒരു പ്രോട്ടോക്കോളും ഇല്ലെന്നും അഭിഭാഷകൻ പറ‍ഞ്ഞു. അണ്ണാ ഡി എം കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ മരണത്തിൽ തമിഴ്നാട്ടിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.