‘ഗാസയില്‍ അക്രമം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരും’; ഇസ്രഈലിന് മുന്നറിയിപ്പുമായി ഖത്തര്‍

ദോഹ: ഗാസയില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്. മേഖലയിലെ അതിക്രമങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇസ്രഈല്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ അല്‍ഥാനി ട്വിറ്ററിലൂടെ പറഞ്ഞത്.

ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ പിന്തുണ തേടി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഖത്തറില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഗാസയില്‍ ഈസ്രഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പാരാമെഡിക് വോളന്റിയര്‍ ഉള്‍പ്പെടെ 2 പലസ്തീനികള്‍ കൊല്ലപ്പെടുകയും, 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തിയത്.