മഴയ്ക്ക് ശമനം; ദുരിതമൊഴിയാതെ കോഴിക്കോട്

കോഴിക്കോട്: ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതമൊഴിയുന്നില്ല.ബാലുശ്ശേരി അരിമ്പമലയില്‍ ചെറിയതോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇതോടെ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു.
ചാലിയാറും പൂനൂര്‍പ്പുഴയും കരകവിഞ്ഞൊഴുകുന്നതിനാല്‍ പലേടത്തും വാഹനഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ബാലുശ്ശേരി, താമരശ്ശേരി ഭാഗത്തേക്കുള്ള പൊതുവാഹനങ്ങളും ഓടിയില്ല.കോഴിക്കോട്- വടകര, കുറ്റ്യാടി റൂട്ടുകളില്‍ വാഹനഗതാഗതം തടസ്സമില്ലാതെ നടന്നു.എങ്കിലും ഇതുവഴി വാഹനങ്ങള്‍ കുറവായിരുന്നു.

കക്കയം പെരുവണ്ണാമൂഴി ഡാമിലെ ഷട്ടറുകള്‍ താഴ്ത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ടെങ്കിലും പുഴകള്‍ കരകവിയുന്നതു മൂലമുണ്ടാകുന്ന പ്രശ്നം തുടരുകയാണ്.മഴയും മലവെള്ളപ്പാച്ചിലും കാരണം പലേയിടങ്ങളിലും വീടുകള്‍ തകര്‍ന്ന നിലയിലാണ്.

കുറ്റ്യാടി വഴിയും താമരശ്ശേരി വഴിയും വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഓടിത്തുടങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബസ്സുകളില്ലാതിരുന്നത് പ്രതിസന്ധിയുണ്ടാക്കി. പാലക്കാട്ടേക്കുള്ള ബസ് സര്‍വീസും കെ.എസ്.ആര്‍.ടി.സി. പുനരാരംഭിച്ചു. തീവണ്ടികള്‍ കോഴിക്കോട്ട് ഓട്ടം അവസാനിപ്പിച്ചതോടെ തുടര്‍യാത്രയ്ക്ക് ആളുകള്‍ കെ.എസ്.ആര്‍.ടി.സി.യെയാണ് ആശ്രയിച്ചത്. ഇതിനനുസരിച്ച് ബസ്സുകളോടിക്കാന്‍ കഴിയാതിരുന്നതിനാല്‍ യാത്രക്കാര്‍ പ്രയാസപ്പെട്ടു.

ജില്ലയില്‍ 267 ദുരിതാശ്വാസ ക്യാമ്പുകളിലായി 6800 കുടുംബങ്ങളിലെ 23951 ആളുകളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.കായണ്ണ പഞ്ചായത്തിലെ കരികണ്ടന്‍ പാറയിലും പൂവ്വത്താംകുന്നിലും മണ്ണിടിച്ചിലില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ബാലുശ്ശേരി, മാളിക്കടവ്, വടകര അരൂര്‍ എന്നിവിടങ്ങളിലും വീടുകള്‍ തകര്‍ന്നു. വേങ്ങേരി തണ്ണീര്‍പന്തലില്‍ അറുപതുവര്‍ഷത്തോളം പഴക്കമുള്ള വൈദ്യശാല തകര്‍ന്നു.

പെരുവണ്ണാമൂഴിയില്‍ 116 മില്ലി മീറ്ററും കക്കയത്ത് 74 മില്ലി മീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. കക്കയം ഡാമിന്റെ ഷട്ടറുകള്‍ മൂന്നര അടിയില്‍നിന്ന് ഒരു അടിയിലേക്കു താഴ്ത്തി.പെരുവണ്ണാമൂഴിയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 40.13 മീറ്ററാണ് അളവ്.