കോഴിക്കോട് ഗതിമാറിയൊഴുകിയ പുഴ വീടുകൾക്കുള്ളിലേക്ക് കയറി

കോഴിക്കോട്: ശക്തമായ മഴയിൽ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ ജില്ലയിലെ കണ്ണപ്പന്‍കുണ്ടില്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തി. ഗതിമാറി ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന പുഴയെ പഴയ രൂപത്തിലാക്കാനുള്ള ശ്രമം സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടക്കുകയാണ്. അതേസമയം ഉരുള്‍പൊട്ടലുണ്ടായ മട്ടിമലയില്‍ വീണ്ടും ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി.

ഉരുള്‍പൊട്ടലുണ്ടായ മട്ടിമലയില്‍ നിന്ന് വെള്ളം കണ്ണപ്പന്‍കുണ്ടിലെ ജനവാസ കേന്ദ്രത്തിലേക്കാണ് ഒഴുകിയെത്തുന്നത്. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും മരത്തടികളുമെല്ലാം പാലത്തിനടിയില്‍ അടിഞ്ഞു കൂടിയതോടെ പുഴ ഗതിമാറി ഒഴുകാൻ തുടങ്ങി. പാലത്തിനടിയിൽ തടസങ്ങൾ നീക്കം ചെയ്യാനും പുഴയുടെ ഒഴുക്ക് പഴയപോലെ ആക്കാനുമായി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുന്നുണ്ട്.

ഇതിനിടെ ഉരുള്‍പൊട്ടിയ മട്ടിമലയില്‍ നിന്ന് ഇടയ്ക്ക് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവരെ എല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മിക്ക ആളുകളും അപകട സാധ്യത കണക്കിലെടുത്ത് ബന്ധുവീടുകളിലേക്കാണ് താമസം മാറിയത്. എന്തായാലും മഴയുണ്ടാക്കിയ ദുരിതത്തിൽ നിന്നും കരകേറാനും പഴയ രീതിയിലേക്ക് ജനജീവിതം മാറാനും കൂടുതൽ സമയമെടുക്കും.