കുഞ്ഞുമക്കളെയും കൊണ്ട് തകർന്നു വീഴാറായ ആ വീട്ടിലേക്ക് പോകാൻ സനീറിനാവില്ല; പക്ഷെ പ്രേമൻ എന്ന സാമൂഹ്യ പ്രവർത്തകനിലൂടെ സനീറിനും കുടുംബത്തിനും തൽക്കാലത്തേക്ക് വീടായി

ഫറോക്ക്: മഴ ശമിച്ചതോടെ ജില്ലയിലെ ജന ജീവിതം സാധാരണ നിലയിലേക്ക് വന്നു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ പലതും പിരിച്ചു വിട്ടു. ചെറുവണ്ണൂർ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും എല്ലാവരും മടങ്ങി. എന്നാൽ പറക്കമുറ്റാത്ത രണ്ട് കുരുന്നുകളെയും കൊണ്ട് എപ്പോൾ വേണമെങ്കിലും തകരാവുന്ന വീട്ടിലേക്ക് എങ്ങനെ മടങ്ങും എന്നായിരുന്ന സനീറിന്റെ ചിന്ത. ദുരിതാശ്വാസ ക്യാമ്പ് ചൊവാഴ്ചയോടെ പിരിച്ചുവിട്ടു. ഒന്നരവയസ്സുകാരി ആയിഷഫലയെയും മൂന്നര വയസ്സുകാരി ഹിസഫാത്തിമയെയും ഉമ്മയെയും ഭാര്യയെയുംകൊണ്ട് തകർന്നു വീഴാറായ വീട്ടിലേക്ക് മടങ്ങാൻ സനീറിന് കഴിയില്ലായിരുന്നു.

പക്ഷെ തൽക്കാല ആശ്വാസമെന്നോണം വീടിന്റെ അറ്റകുറ്റപ്പണി കഴിയുന്നതുവരെ സനീറിനും കുടുംബത്തിനും താമസിക്കാൻ കൊളത്തറ സ്വദേശി ലീഗൽ സർവീസ് അതോറിറ്റിയുടെ വൊളന്റിയർ പ്രവർത്തകനായ പ്രേമൻ പറന്നാട്ടിൽ തന്റെ തറവാടുവീട് നൽകുകയായിരുന്നു. ഇതോടെ സനീറിന്റെ കാര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന വില്ലേജ് അധികൃതർക്കും ആശ്വാസമായി.

വീട്ടിൽ വെള്ളം കയറിയതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് സനീറും കുടുംബവും കോഴിക്കോട് നാൽപത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂർ എ.എബ്ല്യു.എച്ച്. കോളേജിനു സമീപത്തെ വിട്ടിൽനിന്ന് ചെറുവണ്ണൂർ ഹൈസ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയത്. ചൊവ്വാഴ്ചയോടെ എല്ലാ കുടുംബാംഗങ്ങളും സ്വന്തം വീട്ടിലേക്കു പോയപ്പോൾ സനീറും കുടുംബവും ഏറെ പ്രയാസത്തിലായി. വെള്ളം കയറിയതോടെ സനീറിന്റെ ഓടുമേഞ്ഞ വീടിന്റെ അടുക്കളഭാഗം താഴ്ന്നു. മാത്രമല്ല, വീടിന്റെ പലഭാഗത്തും ബലക്ഷയം സംഭവിക്കുകയും ചെയ്തു.

ഈ അവസ്ഥയിലുള്ള വീട്ടിലേക്ക് മക്കളെയും ഉമ്മയെയും ഭാര്യയെയും കൊണ്ടുപോവാൻ സനീറിന് ഭയമായിരുന്നു. തുടർന്ന് പ്രേമനും സനീറും ചെറുവണ്ണൂർ സ്കൂളിലെ വിദ്യാർഥികളും ചേർന്ന് പ്രേമന്റെ വീട് വൃത്തിയാക്കി. ഈ വീട്ടിൽ വച്ച് സനീറും കുടുംബവും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും.