കേരളത്തില്‍ സൗജന്യ സേവനവുമായി ജിയോ, ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, വോഡഫോണ്‍

കോഴിക്കോട്: പ്രളയം മഹാദുരിതം വിതച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ സേവനം അനുവദിക്കുമെന്ന് ജിയോ, ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നീ ടെലികോം ഓപ്പറേറ്റിംഗ് കമ്പനികള്‍ അറിയിച്ചു. സൗജന്യ കോള്‍, ഡേറ്റ സേവനങ്ങള്‍ക്ക് പുറമെ ബില്‍ അടക്കുന്നതിനുള്ള തീയതിയിലും ഇളവ് നല്‍കിയിട്ടുണ്ട്.

അപകട ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ പരിധിയില്ലാത്ത കോളുകള്‍ക്കും ഇന്റര്‍നെറ്റ് ഡേറ്റയ്ക്കും പുറമെ ദിവസേന 100 എസ്.എം.എസുമാണ് ബി.എസ്.എന്‍.എല്‍ വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും സ്വന്തം നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാതെ സൗജന്യമായി വിളിക്കാം. മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് 20 മിനിട്ടും സംസാരിക്കാം.

അത്യാവശ്യ ഘട്ടത്തില്‍ വായ്പാ സംസാര സമയം അനുവദിക്കുമെന്ന് കാണിച്ച് ഇതിനോടകം തന്നെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി സന്ദേശം അയച്ചിട്ടുണ്ട്. 30 രൂപയുടെ അടിയന്തര സംസാര സമയമാണ് എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദ്ധാനം ചെയ്യുന്നത്.

കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30 രൂപയുടെ ‘ടോക് ടൈം’ ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്.

*130*1# ഡയല്‍ ചെയ്തോ 144 എന്ന നമ്ബറിലേക്ക് CREDIT എന്ന് എസ്.എം.എസ്. ചെയ്തോ ഈ ചോട്ടാ ക്രെഡിറ്റ് ആക്ടിവേറ്റു ചെയ്യാം. ഇതിനു പുറമെ കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കും 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയ്യതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.