‘ബഹളം വയ്ക്കുന്നത് ജിഹാദികള്‍’: വെള്ളപ്പൊക്ക ദുരിതത്തിലും വര്‍ഗീയത കലര്‍ത്തി സംഘപരിവാര്‍ പ്രചാരകന്‍ ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: മനുഷ്യന്‍ അതിജീവനത്തിനായി വഴികള്‍ തേടുമ്പോള്‍ വീണ്ടും വര്‍ഗീയ പ്രചാരണവുമായി ടി.ജി മോഹന്‍ദാസ്. അണക്കെട്ട് തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശങ്ക പങ്കുവച്ചവരെ ജിഹാദികള്‍ എന്ന് വിളിച്ചാണ് ടി.ജി മോഹന്‍ ദാസ് ട്വീറ്റ് ചെയ്തത്.

‘കുറേ ജിഹാദികള്‍ ബഹളം വയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പു വിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിരിക്കുന്നു. വന്‍ കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു. ” ഇങ്ങനെയാണ് ടി.ജി മോഹന്‍ ദാസ് ട്വിറ്ററില്‍ എഴുതിയത്.

മുന്‍പും ഇത്തരം പ്രസ്താവനകളിലൂടെ കുപ്രസിദ്ധിനേടിയ ആളാണ് ബിജെപിയുടെ ഇന്റെലെക്ച്യല്‍ വിഭാഗത്തിലെ പ്രധാനിയായ ടി.ജി മോഹന്‍ദാസ്. അതിജീവനത്തിനായി ജനങ്ങള്‍ മത-ജാതി ഭേദമന്യേ പരക്കം പായുമ്പോള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ടി.ജി മോഹന്‍ ദാസിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ എബിവിപി,ബിജെപി,യുവമോര്‍ച്ചാ അനുകൂലികള്‍ ടിജി മോഹന്‍ദാസിനെ പിന്തുണയ്ക്കുന്നു.

മോഹന്‍ദാസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാവും. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഇയാള്‍ക്കെതിയെ ഉയരുന്നുണ്ട്.