‘ദുരിതപ്പെയ്ത്തിനിടയിലും ദുരന്തം പൊട്ടിച്ചെടുക്കുന്നവര്‍’; തങ്കമലയില്‍ അപകടകരമായി ക്വാറി പ്രവര്‍ത്തനം തുടരുന്നു

കൊയിലാണ്ടി: ദുരിതം വിതച്ച് മഴ കനത്ത് പെയ്യുന്നതിനിടയിലും കൊയിലാണ്ടി കീഴരിയൂര്‍ പഞ്ചായത്തിലെ തങ്കമലയില്‍ അപകടകരമായ രീതിയില്‍ ക്വാറി പ്രവര്‍ത്തനം തുടരുന്നു. പേമാരിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും കാരണം സംസ്ഥാനത്താകെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വലിയ സ്ഫോടനങ്ങള്‍ നടത്തി കരിങ്കല്‍ ക്വാറി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്.

ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാല്‍ അവയെയൊക്കെ അവഗണിച്ചാണ് ഈ അപകടഘട്ടത്തിലും ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിയുടെ ഒരു വശം മുഴുവന്‍ മണ്ണാണ് അത് ഇടിഞ്ഞ് കഴിഞ്ഞാല്‍ സമീപത്തെ ആറാം വാര്‍ഡില്‍ വലിയ നാശനഷ്ടമാണ് സംഭവിക്കുക. ഉഗ്രസ്ഫോടനത്തോടെയുള്ള ക്വാറിയുടെ പ്രവര്‍ത്തനം വലിയ ഉരുള്‍പൊട്ടല്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ക്വാറിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന അംഗണ്‍വാടിയിലേക്ക് പലതവണ ക്വാറിയില്‍ നിന്നുള്ള കരിങ്കല്‍ ചീളുകള്‍ തെറിച്ച് വന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കിണറുകള്‍ ഇടിഞ്ഞുതാഴുന്നതായും ക്വാറിക്ക് സമീപത്തെ വീടുകളുടെ ചുവരും തറയും പൊട്ടിപ്പൊളിയുന്നതായും മുന്‍പ് തന്നെ പരാതി ഉയര്‍ന്നതാണ്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ വക വയ്ക്കാതെ ക്വാറി പ്രവര്‍ത്തനം തുടരുകയാണ്.

മുമ്പ് അഞ്ച് ക്വാറിയായി നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വലിയ ഒരു ക്വാറിയാണുള്ളത്. ദിവസേന നൂറുലോഡിലധികം പാറപൊട്ടിച്ചെടുക്കുന്നു. ഇരുപത് വര്‍ഷം മുന്‍പ് വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ക്വാറിയില്‍ നിന്ന് ദിവസേന അഞ്ചോ പത്തോ ലോഡ് കല്ലായിരുന്നു പൊട്ടിച്ചെടുക്കാറ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍ സാങ്കേതിക വിദ്യ വികസിച്ചത് ക്വാറിയുടെ പ്രവര്‍ത്തനവും വേഗത്തിലാക്കി. പുതിയ യന്ത്രങ്ങളും ജലാറ്റിന്‍ സ്റ്റിക്കുകളുടെ ഉപയോഗവും ലോഡ് കണക്കിന് പാറപൊട്ടിച്ചെടുക്കാന്‍ ക്വാറി ഉടമയെ സഹായിച്ചു. ഇതു മുതലാണ് പ്രശ്നം ആരംഭിക്കുന്നത്. തങ്കമലയിലെ പത്തേക്കറോളം ഭൂമി നേരത്തേ തന്നെ ക്വാറി ഉടമയുടെ കൈവശമാണ്. ഇപ്പോള്‍ സമീപത്തെ പത്തേക്കര്‍ കൂടി വാങ്ങിയിട്ടുണ്ട്. ക്വാറി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പത്തേക്കറിലെ മരങ്ങളെല്ലാം വെട്ടിമുറിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് തങ്കമലയിലുള്ളത്.[ref]