ജില്ലയിലെ ദുരന്ത നിവാരണത്തിന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം; താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു

കോഴിക്കോട്: തുടർച്ചയായി പെയ്ത കനത്ത മഴയില്‍ താമരശ്ശേരി ചുരത്തിലെ വിവിധഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. ചുരത്തില്‍ ചിപ്പിലിത്തോടു മുതല്‍ ഒമ്പതാം വളവ് വരെ പലയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ നിലയിലായിരുന്നു. മണ്ണും മരങ്ങളും പാറക്കല്ലുകളും നീക്കിയശേഷം വ്യാഴാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസുകളടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ചുരം റോഡില്‍ ഒമ്പതാം വളവിന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീണത്. 200 മീറ്ററോളം ദൂരത്തില്‍ മണ്ണും മരങ്ങളും പാറക്കല്ലുകളും വീണതോടെ ഗതാഗതം പൂര്‍ണമായും മുടങ്ങി. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് തടസങ്ങള്‍ നീക്കിയത്. ഉച്ചക്ക് ഒരുമണിയോടെ ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.

ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ വിനയരാജ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി കെ ജമാല്‍ മുഹമ്മദ്, അസി. എന്‍ജിനീയര്‍ എം പി ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതെ സമയം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ജില്ലയിൽ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ റദ്ദാക്കി.കാലവർഷ കെടുതികളുടെ ദുരന്തനിവാരണ ഏകോപനത്തിന് നിലമ്പൂരിലേക്ക് തിരിക്കും.

ശക്തമായ  ഉരുൾപൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണൻപ്പൻ കുണ്ട് പാലത്തിലെ പാറകളും മരങ്ങളും നീക്കുന്ന പ്രവൃത്തി സൈന്യത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള 62 അംഗ സംഘമാണ് ഇവിടെയുള്ളത്. താമരശേരി തഹസിൽദാർ സി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പഞ്ചായത്തിൽ നിന്നും രണ്ട് ക്യാമ്പുകളിൽ 76 കുടുംബങ്ങളിലായി 235 പേരാണുള്ളതെന്ന് തഹസിൽദാർ അറിയിച്ചു.

മഴക്കെടുതി ദുരന്തനിവാരണത്തിന് ജില്ലയിൽ ഏഴു മേഖലകളായി തിരിച്ച് ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. വടകര ആർഡിഒ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലും വടകര രണ്ടിൽ എ ഡി എം ടി. ജനിൽകുമാർ, കൊയിലാണ്ടി – ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സജീവ് ദാമോദർ താമരശേരി – 1 അസി. കളക്ടർ എസ്.അഞ്ജു താമരശേരി – 2 ഡപ്യൂട്ടി കളക്ടർ (ആർആർ) ഹിമ താമരശേരി – 3 ഡപ്യൂട്ടി കളക്ടർ (എൽ ആർ) റോഷ്നി നാരായണൻ കോഴിക്കോട്- ഡപ്യൂട്ടി കളക്ടർ (എൽ എ ) ഷാമിൽ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു.

സബ് കളക്ടർ വി.വിഘ്നേശ്വരി ജില്ലയിൽ കേന്ദ്രസേനാംഗങ്ങളുടെ വിന്യാസം ഉൾപ്പടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ജില്ലാ കളക്ടർ യു വി ജോസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ടീം രൂപീകരിച്ചത് പോലീസ്, ഫയർ ആന്റ് റെസ്ക്യു, പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറി, തദ്ദേശഭരണ എഞ്ചിനിയർ, ആരോഗ്യം , ജലസേചനം, പൊതുമരാമത്ത് റോഡ്സ്, സിവിൽ സപ്ലൈസ് കൃഷി ഉദ്യോഗസ്ഥർ ഓരോ ടീമിലും ഉൾപ്പെടുന്നു.

ജില്ലയിലെ  നാദാപുരം മുതൽ മലപ്പുറം ജില്ലയുടെ അതിർത്തി വരെ നിലവിൽ കെടുതികൾ നേരിടുന്ന മലയോര മേഖലയുടെ ദുരന്തനിവാരണത്തിന് ടീം പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ എൻ ഡി ആർ എഫിന്റെ രണ്ട് പ്ലാറ്റൂൺ ഉൾപ്പടെ 78 അംഗങ്ങൾ ദുരന്തനിവാരണത്തിലേർപ്പെടുന്നുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച് എൻ ഡിആർഎഫിന്റെ 48 അംഗങ്ങളേയും താമരശേരിയിൽ 60 അംഗങ്ങളുൾപ്പെട്ട കരസേനയേയും മുക്കത്ത് 30 അംഗങ്ങൾ ഉൾപ്പെട്ട എൻ ഡിആർ എഫ് ടീമിനേയും വിന്യസിച്ചു.

ജില്ലയിൽ ആകെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 585 പേരാണുള്ളത്. താമരശേരിയിൽ എട്ട് കൊയിലാണ്ടി രണ്ട് വടകര രണ്ട് കോഴിക്കോട് അഞ്ച് എന്നീ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കക്കയത്ത് ഫയർ ആൻറ് റസ്ക്യുവും പ്രവർത്തിക്കുന്നുണ്ട്. കനത്ത മഴയിൽ വലിയ ദുരന്തങ്ങളാണ് ജില്ലയിലാകെ ഉണ്ടായിട്ടുള്ളത്.