കണ്ടിവാതുക്കലിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

നാദാപുരം: കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു. വളയം പഞ്ചായത്തിലെ മലയോരത്ത് ആണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. കായലോടൻ കുങ്കൻ, ഓടച്ചാൽ ബാലകൃഷ്ണൻ, കുന്നുമ്മൽ കുങ്കൻ, കുന്നുമ്മൽ ചന്തൂട്ടി, കുന്നുമ്മൽ ചന്ദ്രൻ, തനിയാടൻ ചന്തു, കാട്ടിക്കുനി കേളപ്പൻ എന്നിവരുടെ പറമ്പുകളിലെ കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

തെങ്ങുകളും കവുങ്ങുകളും, വാഴകളുമാണ് വ്യാപകമായി നശിപ്പിച്ചത്. കായലോടൻ കുങ്കൻറ വാഴത്തോട്ടത്തിൽ കുലയ്ക്കാറായ അമ്പതോളം വാഴകളാണ് കാട്ടാനക്കൂട്ടം ആഹാരമാക്കിയത്. ആയോട് മലയിലും അഭയഗിരി വനത്തോട് ചേർന്നുള്ള പ്രദേശത്തും എട്ടോളം കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപും കാട്ടാക്കൂട്ടം ഇവരുടെ കൃഷി നശിപ്പിച്ചിരുന്നു.
മണിക്കൂറുകളോളം പറമ്പിൽ ചിലവഴിച്ച ശേഷമാണ് ആനകൾ കാട് കയറുന്നത്.

ഈ സമയത്തിനുള്ളിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകളും നശിപ്പിക്കാറുണ്ട്. വളയം പഞ്ചായത്തിലെ ആയോട്, ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ മേഖലയിലാണ് ആനക്കൂട്ടം പതിവായി എത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് ആനയിറങ്ങി കൃഷി നശിപ്പിച്ച വിവരം അറിയുന്നത്.

നാട്ടുകാർ ബഹളം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. ഉൾവനത്തിലേക്ക് പോവാതെ ആയോട് മലയുടെ മുകൾ ഭാഗത്താണ് കാട്ടാനക്കൂട്ടം താമസിക്കുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണവം ഫോറസ്റ്റിൽ നിന്നാണ് ആനകൾ കൃഷിയിടങ്ങളിലേക്കെത്തുന്നത്. ഇവിടെ നല്ല തീറ്റ ലഭിക്കുമെന്നതിനാൽ കാട്ടിലേക്ക് തിരിച്ച് പോവാൻ ആനകൾക്ക് മടിയാണ്.