പ്രളയത്തിൽ കോഴിക്കോട് ജില്ലയിലെ കോഴി കർഷകർക്ക് ഒരു കോടിയുടെ നഷ്ടം

കോഴിക്കോട്: കനത്ത മഴയിലും പ്രളയത്തിലും കോഴിക്കോട് ജില്ലയിലെ കോഴി കർഷകർക്ക് നഷ്ടം ഒരു കോടി രൂപയോളം. തൊഴിൽ മാന്ദ്യത്തെതുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ച് എത്തിയവരും സ്വയം തൊഴിൽ കണ്ടെത്തിയ യുവാക്കളുമടക്കം ധാരാളമുള്ള ആളുകളുള്ള മേഖലയാണ് ഫൗൾട്രി ഫാം. എന്നാൽ ഇവരെല്ലാം ഇപ്പോൾ എങ്ങനെ ഈ നഷ്ടത്തിൽ നിന്നും കരകയറും എന്ന ആശങ്കയിലാണ്.

മഴയും പ്രളയവുമുണ്ടായ സമയത്ത് പല പ്രദേശങ്ങളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഇങ്ങനെ ദിവസങ്ങളോളം വൈദ്യുതി ലഭിക്കാത്തത് കാരണം കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചൂട് കൊടുക്കാൻ കഴിഞ്ഞില്ല. പത്ത് ദിവസമെങ്കിലും ചൂട് കൊടുത്തില്ലെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകും.

കൂടാതെ ശക്തമായ മഴയിൽ പെട്ടെന്നാണ് ഫാമുകളിൽ വെള്ളം കയറിയത്. ഇത് കാരണം ചൂട് നൽകുന്ന ഉപകരണങ്ങളൊന്നും മാറ്റി സ്ഥാപിക്കാനും കഴിഞ്ഞില്ല. ഇതോടെ ഇവിടങ്ങളിൽ ഉണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങളെല്ലാം ചത്തുപോയി.

മാത്രമല്ല കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും കോഴി ഫാമുകളുടെ ഷെഡ്ഡും നിലം പൊത്തി. ഏറ്റവും വലിയ നഷ്ടമുണ്ടായത് ഉപകരണങ്ങളിലാണ്. ഫാമുകളിൽ കോഴികൾക്ക് വെള്ളം നൽകുന്ന ഉപകരണങ്ങളും തീറ്റ നൽകുന്ന ഉപകരണങ്ങളുമെല്ലാം മഴവെള്ളം കയറി നശിച്ച് പോയി. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നത് കാരണം ഇവയെല്ലാം അറ്റകുറ്റ പണികൾ നടത്താൻ കഴിയാത്ത വിധം നശിച്ചുപോവുകയായിരുന്നു.

ഫാമുകൾ പുനരാരംഭിക്കണമെങ്കിൽ പുതിയ ഉപകരണങ്ങൾ വാങ്ങേണ്ടി വരും. ഇതിന് വലിയ തുക ആവശ്യമായി വരും . എന്നാൽ പല കർഷകർക്കും ഇതിന് പറ്റാത്ത സാഹചര്യമാണുള്ളത്.
ഇതോടൊപ്പം വെള്ളം കയറിയും ധാരാളം കോഴികൾ ചത്തുപോയിട്ടുണ്ട്.

മാത്രമല്ല പ്രളയത്തിൽ വൻനാശം ഉണ്ടായി നിൽക്കുന്ന സമയത്താണ് വിലത്തകർച്ചയും കർഷകർ നേരിട്ട്കൊണ്ടിരിക്കുന്നത്. പ്രളയ സമയം മുതലെടുത്ത് അന്യ സംസ്ഥാനങ്ങളിലെ വൻകിട കുത്തകകൾ വില കുറച്ചാണ് കേരളത്തിൽ കോഴികളെ വിൽപന നടത്തുന്നത്. ഈ മേഖലയിൽ നിന്ന് കർഷകരെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ചെറുകിടക്കാരെല്ലാം മേഖലയിൽ നിന്ന് പുറത്തായാൽ അവർക്ക് തോന്നിയ വിലയ്ക്ക് വിൽപന നടത്താൻ സാധിക്കും. മുമ്പും ഇത് പോലെ തോന്നുംപടി വൻകിടക്കാർ വിൽപന നടത്തിയിരുന്നു. ഇതിന് ശേഷമാണ് സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധിപേർ ഈ മേഖലയിലേക്ക് വരാൻ തുടങ്ങിയത്.

ഇതോടെ വൻകിടക്കാർ വിലകുറച്ച് വിൽപന നടത്താനും തുടങ്ങി. എങ്കിൽ പോലും ചെറിയ ലാഭം ഈ മേഖലയിലള്ളവർക്ക് ലഭിച്ചിരുന്നു. പക്ഷെ ഇപ്പോഴാണ് വൻവിലത്തകർച്ച ഉണ്ടായിരിക്കുന്നത്.