നീലപ്പട്ടുടുത്ത് രാജമല; നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ പ്രവാഹം

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലകുറിഞ്ഞിയുടെ സൗന്ദര്യം കാണാൻ രാജമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം തേടി ഹൈറേഞ്ചിലേക്ക് വിവിധ ഇടങ്ങളിൽ നിന്നായി ദിവസവും എത്തുന്നത് അനേകം സഞ്ചാരികളാണ്.

നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കുന്നതിനൊപ്പം വരയാടുകളെയും കാണാമെന്നതാണ് രാജമലയുടെ സവിശേഷത. സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് മറയൂർ, വട്ടവട എന്നിവിടങ്ങൾക്കൊപ്പം കേരള- തമിഴ്നാട് അതിർത്തി മേഖലയായ കൊളുക്ക് മലയിലും വ്യാപകമായി പൂവിട്ടു നിൽക്കുന്നത്.

സഞ്ചാരികൾക്ക് കൊളുക്ക്മലയിൽ എത്തിച്ചേരാൻ ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈനായും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും രാജമലയിലേക്ക് ടിക്കറ്റ് സ്വന്തമാക്കാം.

രാവിലെ 7.30 മുതൽ വൈകിട്ട് 4 മണി വരെയാണ് രാജമലയിലെ സന്ദർശന സമയം. ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം ആസ്വദിക്കാനായി രാജമലയിലെത്തുന്നത്.