രാമനാട്ടുകര ബൈപാസ് വഴിയോരത്ത് അറവുമാലിന്യം തള്ളി

രാമനാട്ടുകര: ബൈപാസ് വഴിയോരത്ത് ജനവാസ കേന്ദ്രത്തിൽ രാത്രിയിൽ വീണ്ടും അറവു മാലിന്യം തള്ളി. ദിൽകുഷ് പെട്രോൾ പമ്പിനു സമീപമാണ് കഴിഞ്ഞ രാത്രി അൻപതോളം ചാക്ക് ഇറച്ചി അവശിഷ്ടം കൊണ്ടിട്ടത്. ചീഞ്ഞഴുകിയ മാലിന്യത്തിൽ നിന്നും പുറത്തുവരുന്ന ദുർഗന്ധം തൊട്ടടുത്ത താമസക്കാരെയും ബൈപാസിലെത്തിയ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നഗരസഭ അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്. അറവു ശാലകളിൽ നിന്നു മാലിന്യനീക്കം കരാറെടുത്തവരാണ് വഴിയോരങ്ങളിൽ തള്ളിയതെന്നു നാട്ടുകാർ പറഞ്ഞു. റോഡിന്റെ വശത്തായി കൂടിക്കിടക്കുന്ന ഇറച്ചി അവശിഷ്ടത്തിൽ നിന്നൊഴുകുന്ന മലിനജലം ജലസ്രോതസ്സുകളിൽ വ്യാപിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ബൈപാസിൽ പൊറ്റപ്പടിയിലും പാറമ്മലും അഴിഞ്ഞിലത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇറച്ചി മാലിന്യം കൊണ്ടിട്ടിരുന്നു. ടിപ്പർ ലോറികളിലെത്തിച്ചാണ് ഇവ വഴിയോരങ്ങളിൽ തള്ളുന്നത്. മാലിന്യം തള്ളൽ നിത്യ സംഭവമായതോടെ ബൈപാസ് റോഡിൽ രാത്രി നിരീക്ഷണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് പരിസരത്തെ റസി‍ഡന്റ്സ് അസോസിയേഷനുകൾ.