ശുചിമുറി മാലിന്യം ഓടയിലേക്ക്; എടോടിയിലെ ജീപ്പാസ് കെട്ടിടം തൽക്കാലത്തേക്ക് അടപ്പിച്ചു

വടകര: ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് എടോടിയിലെ ജീപ്പാസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തൽക്കാലത്തേക്ക് പൂട്ടാൻ നഗരസഭ നോട്ടിസ് നൽകി.

മാലിന്യസംസ്കരണത്തിന് പകരം സംവിധാനം ഏർപ്പെടുത്തും വരെ തുറക്കരുതെന്ന് ആരോഗ്യവിഭാഗമാണ് നോട്ടിസ് നൽകിയത്. സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ തടിച്ചു കൂടിയതോടെ പോലീസ് സ്ഥലത്തെത്തി.

കെട്ടിടത്തിനു മുന്നിൽ ഡിവൈഎഫ്ഐ കൊടി സ്ഥാപിച്ചു. റോഡിലെ ഓടയിലേക്ക് വലിയ പൈപ്പ് വഴിയാണ് മാലിന്യം ഒഴുക്കിയത്.

ഈ മാലിന്യം ഒഴുകി കരിമ്പനത്തോട്ടിലേക്കാണ് എത്തുന്നത്. മാസങ്ങൾക്ക് മുൻപ് ശുചീകരിച്ച തോട് മലിനമായി ദുർഗന്ധം വന്നതോടെ നാട്ടുകാർ മാലിന്യത്തിന്റെ ഉറവിടം തേടുകയായിരുന്നു.

കൂടാതെ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പരിസരത്തുള്ളവർ പരാതിപ്പെട്ടിരുന്നു. തുടർന്ന് വൈകിട്ടോടെ ഓടയ്ക്കു മുകളിലത്തെ സ്ലാബ് ഉയർത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറി മാലിന്യം കണ്ടെത്തിയത്.

നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം ഒഴുക്കിയ പൈപ്പ് മാറ്റുകയും ചെയ്തു.