പ്രളയദുരന്തം നേരിടാൻ അഗ്നിരക്ഷാ സേനയുടെ പ്രത്യേക പരിശീലനം

നാദാപുരം: കനത്ത മഴയെയും പ്രളയത്തെയും നേരിടാനുള്ള രക്ഷാപ്രവർത്തനങ്ങൾക്കു പരിശീലനം നൽകാൻ അഗ്നിരക്ഷാസേന രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി പെരുവണ്ണാമൂഴിയിൽ 60 പേർ പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി.

വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്താനാവശ്യമായ പരിശീലനമാണു നൽകിയത്. നാല് ബാച്ചുകളായി നടത്തിയ പരിശീലനത്തിനു ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും അംഗങ്ങളെത്തി.

നാദാപുരം ഫയർ സ്റ്റേഷൻ‌ ഓഫീസർ വാസത്ത് ചെയച്ചൻകണ്ടി, ലീഡിങ് ഫയർമാൻ ശിഹാബുദ്ദീൻ മീഞ്ചന്ത തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ബോട്ട് ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം, ഏറെ ആഴത്തിൽ മുങ്ങുന്നതിനുപകരിക്കുന്ന സ്കൂബ പരിശീലനം എന്നിവയാണു നൽകിയത്.

രക്ഷാ പ്രവർത്തനത്തിനായി വെള്ളത്തിൽ മുങ്ങുന്നവർക്കും വെള്ളത്തിൽ അകപ്പെട്ടവർക്കും ശ്വസനത്തിനു സഹായകമാവുന്നതാണ് സ്കൂബ സംവിധാനം.