കൃഷ്ണകുമാറിന്റെ ആറ് വർഷത്തെ പോരാട്ടം ഫലം കണ്ടു; നടുവണ്ണൂരിൽ പുതിയ കലുങ്കും ഓവുചാലും നിർമിക്കും

കോഴിക്കോട്: നടുവണ്ണൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒ.എം. കൃഷ്ണകുമാർ ആറു വർഷമായി നടത്തിയ ഒറ്റയാൾ പോരാട്ടം ഫലം കണ്ടു.

നടുവണ്ണൂരിൽ പുതിയ കലുങ്കും ഓവുചാലും നിർമിക്കാൻ ടെൻഡറായി. നടുവണ്ണൂർ മുതൽ കൂത്താളിവരെ റോഡ് നവീകരണത്തിനായി 2012-ൽ 19.40 കോടി രൂപ അനുവദിച്ചിരുന്നു.

നടുവണ്ണൂർ അങ്കണവാടിക്ക് സമീപമുള്ള കലുങ്കും ഓവുചാലും ഇതോടൊപ്പം പുതുക്കിപ്പണിയണമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആവശ്യം. ഇവിടെ ഓവുചാലുകൾക്ക് കവറിങ്‌ സ്ലാബ് ഇല്ലാത്തതിനാൽ പലർക്കും ഓടയിൽ വീണ് പരിക്കേറ്റു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകി. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ്‌ എൻജിനീയർ പരാതിക്കാരനായ കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധിച്ചു. തീരുമാനം നീണ്ടപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ പരാതി നൽകി.

എന്നാൽ പി.‍ഡബ്ല്യു.ഡി.യും ജലവിഭവ വകുപ്പും തമ്മിലുള്ള തർക്കമായിരുന്നു പ്രശ്നപരിഹാരത്തിന് തടസ്സം. ഇതിനിടെ മന്ത്രി മാത്യു ടി. തോമസ് നടുവണ്ണൂരിൽ വന്നപ്പോൾ പരാതി നൽകി. പി.ഡബ്ല്യു.ഡി.യും ജലവിഭവവകുപ്പും സംയുക്തപരിശോധനയ്ക്ക് കളമൊരുങ്ങി.

കനാൽ സൈഫൺ ഡിസ്ട്രിബ്യുട്ടറിയുടെ പ്ലാനിൽ ഉൾപ്പെടുത്തി 2017 ജൂണിൽ കലുങ്കിനും ഓവുചാലിനും പണം അനുവദിക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.

ഇപ്പോൾ ഇതിന് ടെൻഡർ ക്ഷണിച്ചതോടെ കൃഷ്ണകുമാറിന്റെ ആറു വർഷത്തെ ഒറ്റയാൾ പോരാട്ടമാണ് വിജയം കണ്ടത്.