ഒറിജിനലിനെ വെല്ലുന്ന വ്യജ ലോട്ടറി ടിക്കറ്റുമായി നടക്കാവിലെ കച്ചവടക്കാരനിൽ നിന്നും 5000 രൂപ തട്ടിയെടുത്തു

കോഴിക്കോട്: ലോട്ടറി വിൽപനക്കാരുടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമ്മാനം ലഭിച്ചുവെന്നു പറഞ്ഞു കൊണ്ടുവരുന്ന ലോട്ടറികൾ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രമേ ഇനി സമ്മാനത്തുക നൽകാൻ പാടുള്ളു.

ഇല്ല എന്നുണ്ടെങ്കിൽ നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു മുന്നിൽ ലോട്ടറി വിൽപന നടത്തുന്ന ഹരീഷിന്റെ അവസ്ഥ വരും.

കഴി‍ഞ്ഞ ദിവസം ലോട്ടറി സമ്മാനം ലഭിച്ചെന്നു പറഞ്ഞ് ഒരാൾ ടിക്കറ്റുമായി സമീപിച്ചു. നമ്പറുകൾ നോക്കുമ്പോൾ കൃത്യമാണ്. ടിക്കറ്റും ഒറിജിനൽ. 5000 രൂപ സമ്മാനമായി നൽകുകയും ചെയ്തു.

എന്നാൽ ലോട്ടറി ഓഫിസിൽ ചെന്നപ്പോഴാണ് ടിക്കറ്റിലെ നമ്പറുകൾ വ്യാജമായി ഉണ്ടാക്കിയതാണെന്നു മനസിലായത്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ഓഫിസിൽ എത്തുന്നുണ്ടെന്നും അറിഞ്ഞു.

ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ വ്യാജമായി ഉണ്ടാക്കുന്ന ഒരു സംഘം തന്നെ നഗരത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു. പലരും ഇവരുടെ ചതിയിൽപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു ഹരീഷ് ലോട്ടറി ഓഫിസർക്ക് പരാതി നൽകി. അതെ സമയം ടിക്കറ്റിന്റെ പ്രിന്റിങ് ക്വാളിറ്റി വർധിപ്പിച്ചാൽ വ്യാജ ലോട്ടറികൾ തടയാമെന്നു കച്ചവടക്കാർ പറയുന്നു.