ചെറു പ്രാണികൾ നിസാരക്കാരല്ല; ജാഗ്രത വേണം

കോഴിക്കോട്: ചെറുപ്രാണികള്‍ കടിക്കുമ്പോള്‍ നിസാരമായി കണ്ട് അവഗണിക്കുന്നവരാണു നാം. എന്നാല്‍കഴിഞ്ഞ ദിവസം നടന്ന സംഭവം കേട്ടാന്‍ അതത്ര നിസാരമായി കാണില്ല ആരും. ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ നിന്ന് 11 സെന്റീമീറ്റര്‍ നീളമുള്ള വിരയെയാണ് 23-കാരന്റെ കണ്ണില്‍ നിന്നും വിട്രിയോ റെറ്റിന കസള്‍റ്റന്റ് ഡോ. പ്രവീണ്‍ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

കണ്ണിന് ചെറിയ തോതില്‍ ചുവപ്പ് കണ്ടതിനെ തുടര്‍ന്നാണു രോഗി ഐ ഫൗണ്ടേഷനില്‍ ചികിത്സയ്ക്കെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഒരു പ്രശ്‌നവും കണ്ടെത്താനായില്ല. പ്രളയക്കെടുതിക്കു ശേഷമുള്ള സാധാരണ അലര്‍ജിയായി പരിഗണിച്ചെങ്കിലും ഒരാഴ്ചയ്ക്കു ശേഷം കണ്ണില്‍ ചുവപ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

ജലാശയങ്ങള്‍ക്കു സമീപം ഈര്‍പ്പം അധികമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും, പ്രാണികള്‍ അധികമുള്ള സാഹചര്യങ്ങളില്‍ ഇടപഴകുന്നവര്‍ക്കുമാണ് ഇത്തരം വിരകള്‍ ഭീഷണിയാവുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചില പ്രാണികള്‍ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നതു ശരീരത്തില്‍ വിരകള്‍ വളരുന്നതിനു കാരണമാകാം.

അവ നമ്മുടെ ശരീരത്തില്‍ നിക്ഷേപിക്കുന്ന വിരകളുടെ ലാര്‍വയാണു പിന്നീട് വളര്‍ന്നു വിരയായി മാറുന്നത്.ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രാഥമിക ചികിത്സകള്‍ കൊണ്ട് സുഖപ്പെടുന്നില്ലെങ്കില്‍ രക്തപരിശോധനയിലൂടെ വിരയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവും. വിരകള്‍ ശരീരത്തിലൂടെ പടരില്ല.

പക്ഷെ ലാര്‍വയെ പ്രതിരോധിക്കുന്നതിനു നിലവില്‍ വാക്സിനുകള്‍ ഒന്നും ഇല്ല. കഴിവതും വരാതെ ശ്രദ്ധിക്കുകയാണ് ഉചിതം.