മാലിന്യപ്രശ്നം ഒഴിയാതെ വടകര

വടകര: ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ നഗരസഭ പ്രതിസന്ധിയിൽ. നാരായണ നഗറിലെ നിർദിഷ്ട മൽസ്യ മാർക്കറ്റ് എംആർഎഫ് (തരംതിരിക്കൽ) കേന്ദ്രമാക്കിയെങ്കിലും ഇവിടെ മാലിന്യ ശേഖരണവും വേ‍ർതിരിക്കലും നടത്താൻ സൗകര്യം മതിയാവാത്തതിനാൽ പുതിയ സ്ഥലം തേടുകയാണ്.

ഇല്ലംപറമ്പിൽ പാതിവഴിയിലായ നഗരസഭാ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടവും പരിസരവും മാലിന്യം ശേഖരിക്കാൻ ഉപയോഗപ്പെടുത്തുകയാണിപ്പോൾ.

ഇവിടെ വൻതോതിൽ മാലിന്യം കൂട്ടിയിടുന്നതിൽ പരാതി ഉയർന്നു. ക്ലീൻ സിറ്റി പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ജെടി റോഡിൽ ശേഖരിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധം മൂലം ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് നാരായണ നഗറിൽ പരിമിതമായ സ്ഥലത്തുണ്ടാക്കിയ എംആർഎഫ് കേന്ദ്രവും നിറഞ്ഞു. ഇവിടെ പുറത്തുള്ള നഗരസഭയുടെ സ്ഥലവും ഈ ആവശ്യത്തിന് ഉപയോഗിക്കാനാണ് ആലോചന.

ഇതിൽ പ്രതിഷേധമുണ്ടാവുകയാണെങ്കിൽ ശ്രമം ഉപേക്ഷിക്കേണ്ടി വരും. നഗരസഭയുടെ കെട്ടിടത്തിൽ നിന്ന് മാലിന്യങ്ങൾ റീ സൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റിപ്പോകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ വലിയ അളവിൽ മാലിന്യം ഇവിടെ എപ്പോഴും കാണുന്നുണ്ട്. മാലിന്യം സംഭരിക്കാനും വേർതിരിക്കാനും സൗകര്യം കുറഞ്ഞതോടെ വിവിധ വാർഡുകൾക്ക് 30 എംസിഎഫ് (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സെന്റർ) സ്ഥാപിക്കാനുള്ള നീക്കമുണ്ട്.

ഇങ്ങനെയാകുമ്പോൾ എല്ലാ മാലിന്യവും ഒരിടത്ത് കൊണ്ടുവരേണ്ട അവസ്ഥ മാറിക്കിട്ടും.