മുക്കത്ത് സംസ്ഥാന സൈബര്‍വിങ് പരാതിക്കാരുടെ മൊഴിയെടുത്തു

മുക്കം: വാട്‌സാപ്പില്‍ വ്യാജ ഗ്രൂപ്പുകളിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍വിങ് മുക്കത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു.

കേരള സൈബര്‍ പോലീസ് സി.ഐ. എന്‍. ബിജു, എസ്.ഐ. രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ബിനു എന്നിവരാണ് മുക്കം പോലീസ് സ്റ്റേഷനിലെത്തിയത്.പരാതിക്കാരായ റഫീഖ് തോട്ടുമുക്കം, ഫായിസ് എന്നിവരുടെ മൊഴിയെടുത്തു.

മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണ് സംഘം മുക്കത്തെത്തിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി സി.ഐ. ബിജു പറഞ്ഞു. കാനഡയില്‍ നിര്‍മിച്ച ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരത്തില്‍ വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് സൈബര്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പി. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മൂന്നു മാസത്തിനകം പ്രതികള്‍ പിടിയിലാകുമെന്നും സംഘം പറഞ്ഞു.

പത്തുമാസംമുന്‍പ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പുതിയ ഗ്രൂപ്പുകളുണ്ടാക്കി അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. തോട്ടുമുക്കത്തെ നിരവധി യുവാക്കളാണ് ഇതുകാരണം സമൂഹമധ്യത്തില്‍ അപഹാസ്യരായത്.

മരണവാതില്‍, റോക്കിങ് ചങ്ക്‌സ് തുടങ്ങിയ പേരുകളില്‍ ആരംഭിച്ച ഗ്രൂപ്പുകളില്‍ വ്യാജനമ്പര്‍ ഉപയോഗിച്ചാണ് യുവാക്കളെ ഉള്‍പ്പെടുത്തിയത്. വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് ഗ്രൂപ്പിലെ അംഗങ്ങളുടെ വാട്‌സാപ്പ് നമ്പറും പ്രൊഫൈല്‍ ഫോട്ടോയും ശേഖരിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം.

യുവാക്കളുടെ നമ്പര്‍ യഥാര്‍ഥമല്ലെങ്കിലും ഡി.പി. ഫോട്ടോകള്‍ വെച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്. നാട്ടിലെയും കുടുംബത്തിലെയും പലര്‍ക്കും ഇത്തരത്തില്‍ അശ്ലീലസന്ദേശങ്ങളും ഫോട്ടോകളും വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്താണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് മനസ്സിലായത്. ഇതോടെ ഇവര്‍ മുക്കം പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

സന്ദേശങ്ങള്‍ കണ്ട് ഗ്രൂപ്പില്‍നിന്നും ലെഫ്റ്റ് അടിച്ചുപോയവരെ വീണ്ടും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ഇവരുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഗ്രൂപ്പില്‍ അയക്കുകയും ചെയ്തിരുന്നു.