തേജസ് ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു

കോഴിക്കോട്: തേജസ് ദിനപത്രം പ്രസിദ്ധീകരണം നിർത്തുന്നു. ഡിസംബർ 31-ന് പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്ന് ഇന്റർമീഡിയ പബ്ലിഷിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ.ഫായിസ് മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

2006 ജനുവരി 26-ന് കോഴിക്കോട്ടുനിന്ന് തുടങ്ങിയ പത്രം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പരസ്യം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ തേജസിനെ അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് എഡിറ്റർ കെ.എച്ച്.നാസർ ആരോപിച്ചു.

2010 മെയ് മുതൽ ഇടതുപക്ഷ സർക്കാർ പരസ്യം നിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയോദ്ഗ്രഥന വിഭാഗത്തിന്റെ സർക്കുലർ പ്രകാരമാണ് പരസ്യം നിഷേധിച്ചതെന്ന നിലപാടാണെടുത്തത്. എന്നാൽ തേജസിനെതിരെ ഒരു കേസോ അന്വേഷണമോ ഉണ്ടായിട്ടില്ല.

യു.ഡി.എഫ്. സർക്കാർ കുറച്ചുകാലം പരസ്യം നൽകിയെങ്കിലും അതും നിലച്ചു. കേന്ദ്രസർക്കാരും മറ്റു പരസ്യദാതാക്കളും പരസ്യം നിർത്തി.

അതെ സമയം മറ്റൊരു കമ്പനിയുടെ കീഴിൽ ഓൺലൈനും വാരികയും പ്രവർത്തിക്കാനാണ് തീരുമാനം. മുന്നൂറിലേറെ ജീവനക്കാരാണ് ഇപ്പോൾ പത്രത്തിലുള്ളത്. അവരെ ഓൺലൈനിലേക്ക് മാറ്റുന്ന കാര്യം പറയാനാവില്ല.

എന്നാൽ ജീവനക്കാർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും ഡയറക്ടർ എം.ഉസ്മാൻ അറിയിച്ചു. പരസ്യം കിട്ടിയാൽ തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം ആലോചിക്കുമെന്നും അവർ വ്യക്തമാക്കി.